ദൗത്യം വിജയം:  ‘പി.ടി 7’നെ മയക്കുവെടിവച്ചു

ദൗത്യം വിജയം: ‘പി.ടി 7’നെ മയക്കുവെടിവച്ചു

January 22, 2023 0 By Editor

പാലക്കാട്: ധോണിയെ വിറപ്പിച്ച പി.ടി. സെവനെ പിടികൂടി. കൊമ്പനെ ദൗത്യസംഘം മയക്കുവെടി വെച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായില്ല. ഞായറാഴ്ച രാവിലെ പി.ടി. സെവനെ പിന്തുടരാന്‍ ഒരു സംഘം കാട്ടിലേക്കു കയറിയിരുന്നു. ഇന്നലെ മയക്കുവെടി വയ്ക്കാനുളള ശ്രമം നടന്നെങ്കിലും ദൗത്യം വിജയകരമായിരുന്നില്ല

ശനിയാഴ്ച പുലര്‍ച്ചെ ധോണി വനമേഖലയിലെ അരിമണിഭാഗത്ത് ആനയെ കണ്ടെത്താന്‍ ട്രാക്കര്‍മാര്‍ക്ക് കഴിഞ്ഞു. സാധാരണ ഉള്‍ക്കാട്ടിലേക്ക് അധികം പോകാത്ത ആനയാണെങ്കിലും, മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ ‘പി.ടി. 7’ ചെങ്കുത്തായ മലയോരത്തെ ഇടതൂര്‍ന്ന കാട്ടിലേക്ക് മാറി നിലയുറപ്പിച്ചു

ശനിയാഴ്ച പുലര്‍ച്ചെ ധോണിക്ക് സമീപം മൂന്നിടങ്ങളില്‍ ‘പി.ടി. 7’ കൃഷിയിടത്തിലിറങ്ങിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. അരിമണിക്കാട്, ചേറ്റുവണ്ടി, പുളിയംപുള്ളി, കുപ്പാടം എന്നീ മേഖലകളിലെ കൃഷിയിടത്തിലാണ് പുലര്‍ച്ചെ ആനയെ കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പലയിടത്തും കൃഷി നശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച ആനയെ പിടികൂടാത്തതിനെത്തുടര്‍ന്ന് ഒരു വിഭാഗം നാട്ടുകാര്‍ ധോണിയിലെ വനംവകുപ്പ് ഓഫീസിന് മുന്നിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

പുലര്‍ച്ചെ നാലുമണിയോടെ സര്‍വസന്നാഹങ്ങളുമൊരുക്കി. അഞ്ചുമണിക്കുമുമ്പുതന്നെ കാടുകയറിയത് എട്ടുപേരടങ്ങുന്ന ട്രാക്കര്‍മാരുടെ സംഘം. അധികം വൈകാതെ തന്നെ ധോണി അരിമണിക്കാട്ടിലെ ചപ്പാത്തിന് സമീപം കാല്‍പ്പാട് പിന്തുടര്‍ന്ന് ആനയെ ട്രാക്കര്‍മാര്‍ കണ്ടെത്തി.

ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നൽകുന്നത്. പി.ടി.ഏഴാമനെ ഉടനെ ധോണിയിലെ കൂട്ടിലെത്തിക്കും. കൂട്ടിലെത്തിക്കാനുള്ള ലോറിയും ക്രെയ്നും കാട്ടിലേക്ക് പുറപ്പെട്ടു. മുത്തങ്ങയിൽ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും ഇതിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. രണ്ട് കുങ്കികൾ രണ്ടു വശത്തു നിന്നു തള്ളുകയും മറ്റൊന്ന് പിന്നിൽ നിന്ന് ഉന്തിയുമാണു ലോറിയിൽ കയറ്റുക. ചെങ്കുത്തായ മലയിടുക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് പി.ടി.ഏഴാമനെ പിടികൂടാനുള്ള ശ്രമം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി. ഏഴാമൻ. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ ആന, നിരവധി കൃഷിയിടങ്ങള്‍ ഇതിനോടകം തകര്‍ത്തു. മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് വീണ്ടും ആനയെ തളയ്ക്കാന്‍ ദൗത്യസംഘം ഇറങ്ങിയത്.