ഐ.സി.ഐ.സി.ഐ ചെയര്‍മാനായി എം.ഡി. മല്യ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐയുടെ ചെയര്‍മാനായി എം.ഡി. മല്യയെ നിയമിച്ചേക്കും. ബാങ്ക് ഓഫ് ബറോഡയുടെ മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന അദ്ദേഹം ഈയിടെ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എത്തിയിരുന്നു. നിലവിലെ ചെയര്‍മാന്‍ എം.കെ. ശര്‍മയുടെ കാലാവധി ജൂണ്‍ 30 ന് അവസാനിക്കുകയാണ്. വീഡിയോകോണിന് വായ്പ നല്കിയ കേസില്‍ ബാങ്കിന്റെ എം.ഡി ചന്ദ കൊച്ചാര്‍ അന്വേഷണം നേരിടുന്നതിനിടെയാണ് ചെയര്‍മാന്‍ സ്ഥാനത്തെ മാറ്റം. ചന്ദ കൊച്ചാറിനു വേണ്ടി തുടക്കത്തില്‍ ശക്തമായി വാദിച്ചിരുന്നയാളാണ് ശര്‍മ.

വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെത്തുടര്‍ന്ന് ചന്ദ കൊച്ചാര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗം സി.ഇ.ഒ സന്ദീപ് ബക്ഷിയെ കഴിഞ്ഞദിവസം ബാങ്കിന്റെ ഇടക്കാല സി.ഇ.ഒയായി തെരഞ്ഞെടുത്തിരുന്നു. ഐ സി ഐ സി ഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി ഇ ഒ യുമായ ചന്ദാ കൊച്ചാറിനെതിരെ ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡില്‍ ഭിന്നതയുണ്ടായിരുന്നു. വീഡിയോകോണ്‍ വായ്പ വിവാദത്തില്‍ ചന്ദ കൊച്ചാറിന്റെ ഇടപെടല്‍ സംശയാസ്പദമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതാണ് അഭിപ്രായ ഭിന്നതയിലേക്ക് നയിച്ചത്.

വീഡിയോകോണ്‍ കേസില്‍ സി ബി ഐ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ബാങ്കിന്റെ ഉത്തമ താല്‍പര്യം മുന്‍ നിര്‍ത്തി ചന്ദ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നു 12 അംഗ ബോര്‍ഡില്‍ ഒരു വിഭാഗം ശക്തമായ നിലപാട് എടുത്തിരുന്നു. വിഡീയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതും ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും തമ്മിലുള്ള ബന്ധം സി ബി ഐ വിശദമായി അന്വേഷിച്ചു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *