കണ്ണൂരിൽ കത്തിയ കാറിൽ പരിശോധന; ദ്രാവകമടങ്ങിയ കുപ്പി കണ്ടെത്തി; വണ്ടിയിൽ സൂക്ഷിച്ചിരുന്നത് കുടിവെള്ളമെന്ന് റീഷയുടെ അച്ഛൻ

കണ്ണൂർ: പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാർ കത്തി യുവതിയും ഭർത്താവും വെന്തുമരിക്കാനിടയായ സംഭവത്തിൽ, ദുരന്തത്തിൽ പെട്ട കാർ മോട്ടർ വാഹന വകുപ്പും ഫൊറൻസിക് ഉദ്യോഗസ്ഥരും ഇന്നലെ…

കണ്ണൂർ: പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാർ കത്തി യുവതിയും ഭർത്താവും വെന്തുമരിക്കാനിടയായ സംഭവത്തിൽ, ദുരന്തത്തിൽ പെട്ട കാർ മോട്ടർ വാഹന വകുപ്പും ഫൊറൻസിക് ഉദ്യോഗസ്ഥരും ഇന്നലെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ താമരവളപ്പിൽ പ്രജിത്, ഭാര്യ റീഷ എന്നിവരാണു അപകടത്തിൽ മരിച്ചത്.

വിദഗ്ധ പരിശോധനയിൽ ഡ്രൈവിങ് സീറ്റിനടിയിൽ നിന്ന് അൽപം ദ്രാവകമടങ്ങിയ പ്ലാസ്റ്റിക് കുപ്പിയുടെ ഭാഗങ്ങൾ ഫൊറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. കാറിലെ പ്ലാസ്റ്റിക് ഭാഗങ്ങൾ ഇതിനു മീതെ ഉരുകിവീണിട്ടുണ്ട്. വ്യാഴാഴ്ചയും സമാനമായ അവശിഷ്ടം കാറിനകത്തു നിന്ന് ശേഖരിച്ചിട്ടുണ്ട്. കുപ്പിയിലെ ദ്രാവകമെന്തെന്നും ഇതു തീപടരാൻ സഹായിച്ചിട്ടുണ്ടോയെന്നും വിദഗ്ധ പരിശോധനയിലേ വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കാറിൽ കണ്ടത് പെട്രോൾ ആണെന്ന പ്രചാരണം കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും നിഷേധിച്ചു. പെട്രോൾ ആയിരുന്നെങ്കിൽ കാർ പൂർണമായി കത്തുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാറിനകത്ത് 3 കുപ്പി വെള്ളം ഉണ്ടായിരുന്നുവെന്ന് മരിച്ച റീഷയുടെ പിതാവ് കെ.കെ.വിശ്വനാഥൻ പറഞ്ഞു. രാസപരിശോധനാ ഫലം വരും മുൻപ് ഇത്തരം നിഗമനങ്ങളിൽ എത്തരുതെന്നും അവർ വ്യക്തമാക്കി.

സ്റ്റീയറിങ്ങിന്റെ അടിഭാഗത്ത് ഷോർട് സർക്യൂട്ടിൽ നിന്നുണ്ടായ തീപ്പൊരിയാണു തീ പിടിക്കാനിടയാക്കിയതെന്നു മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഡ്രൈവിങ്ങിൽ പ്രശ്നങ്ങളുണ്ടായിട്ടില്ല. റിവേഴ്സ് ക്യാമറയും ഇതിന്റെ ഭാഗമായ ഇൻഫോടെയ്മെന്റ് സിസ്റ്റവും പുതിയതായി ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വയറിങ്ങിൽ നിന്നാകാം ഷോർട് സർക്യൂട്ടുണ്ടായതെന്നും മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

ആർടിഒമാരായ ഇ. ഉണ്ണിക്കൃഷ്ണൻ, എ.സി.ഷീബ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കെ.കെ.വിശ്വനാഥൻ, സഹോദര ഭാര്യ സജിന എന്നിവരിൽ നിന്ന് ഇന്നലെ സിറ്റി പൊലീസ് ഇൻസ്പെക്ടർ കെ.രാജീവ്കുമാറിന്റെ നേതൃത്വത്തിൽ മൊഴിയെടുത്തു. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെയും ദൃക്സാക്ഷികളുടെയും മൊഴികളും രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം പാലക്കാട്ട് നിന്നു മടങ്ങുമ്പോൾ മാഹിയിൽ നിന്നു കാറിൽ ഇന്ധനം നിറച്ചിരുന്നുവെന്നും കുപ്പിയിൽ പെട്രോൾ കരുതേണ്ട കാര്യമില്ലെന്നും വിശ്വനാഥൻ പറഞ്ഞു. കാറിന്റെ പിറകുവശത്തെ ക്യാമറയും അതിന്റെ സിസ്റ്റവും അധികമായി ഘടിപ്പിച്ചതാണെന്നും വിശ്വനാഥൻ വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story