7 കിലോമീറ്ററിനിടെ 8 തവണ ഫോണിൽ സംസാരിച്ചു; കോഴിക്കോട്ട് ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

7 കിലോമീറ്ററിനിടെ 8 തവണ ഫോണിൽ സംസാരിച്ചു; കോഴിക്കോട്ട് ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

February 14, 2023 0 By Editor

കോഴിക്കോട്∙ ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളം ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവർ സുമേഷിന്റെ ലൈസൻസാണ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. സുമേഷിനെ എടപ്പാളിലെ പരിശീലന കേന്ദ്രത്തിലേക്ക് ഒരാഴ്ച നിർബന്ധിത പരിശീലനത്തിനും അയയ്ക്കും. ഫറോക്ക് ജോയിന്റ് ആർടിഒയുടേതാണ് നടപടി.

ഡ്രൈവിങ്ങിനിടെ സുമേഷ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബസിന്റെ മുൻസീറ്റിൽ ഇരുന്ന യാത്രക്കാരി പകർത്തിയ ദൃശ്യങ്ങളാണു പുറത്തുവന്നത്. ഏഴു കിലോമീറ്ററിനിടെ എട്ടു തവണയാണു സുമേഷ് മൊബൈൽ ഫോണിൽ സംസാരിച്ചത്. വാട്സാപ്പിൽ സന്ദേശം അയയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ട്രാഫിക് പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഗുരുതര നിയമലംഘനത്തിനു 2000 രൂപ പിഴയും ഈടാക്കി. നിയമലംഘനം ശ്രദ്ധയിൽപ്പെട്ട ഹൈവേ പട്രോളിങ് വിഭാഗം അന്നു തന്നെ പിഴ ചുമത്തിയെന്നു കോഴിക്കോട് ട്രാഫിക് അസി.കമ്മിഷണർ പറഞ്ഞു.