ആരെയും ലക്ഷ്യമിട്ടല്ല, ഗതികെട്ടിട്ടാണ് മുതിര്‍ന്ന ജഡ്ജിമാര്‍ക്കൊപ്പം അന്നതിന് മുതിര്‍ന്നത്: ഔദ്ദ്യോഗിക ജീവിതത്തിലെ മറക്കാനാക്കാത്ത അനുഭവത്തെ കുറിച്ച് ജസ്റ്റിസ് ജെ. ചെലമേശ്വര്‍
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കലാപമുയര്‍ത്തി വാര്‍ത്താസമ്മേളനം വിളിച്ചതില്‍തെല്ലും പശ്ചാത്താപമില്ലെന്ന് മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക സ്ഥാനത്തുനിന്ന് വിരമിച്ചശേഷം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗതികെട്ടിട്ടാണ് മുതിര്‍ന്ന ജഡ്ജിമാര്‍ക്കൊപ്പം അന്നതിന് മുതിര്‍ന്നത്. ആരെയും ലക്ഷ്യമിട്ടല്ല; എന്നാലും ഈ സംവിധാനം നേരെയാവണം. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണ്. സര്‍ക്കാര്‍ വെച്ചുനീട്ടുന്ന ഒരു തൊഴിലും സ്വീകരിക്കില്ലെന്ന ഒരാണ്ടുമുമ്പത്തെ തീരുമാനത്തില്‍ മാറ്റമില്ല. ജനാധിപത്യം നിലനിര്‍ത്തുന്നതില്‍ സുപ്രീംകോടതിക്കുള്ള പങ്കിനെപ്പറ്റി ഒരു പുസ്തകം പുറത്തിറങ്ങിയാലും അദ്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏറെ തിരക്കുള്ള ജോലികളൊന്നും ഇല്ലാത്തതിനാല്‍ അതിന് വേണ്ടത്ര സമയം കിട്ടുമെന്നാണ് പ്രതീക്ഷ അദ്ദേഹം പറഞ്ഞു.
ജനുവരി 12നു നടന്ന വാര്‍ത്താസമ്മേളനം സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള ആദ്യ സംഭവമാണ്. ശനിയാഴ്ച അദ്ദേഹത്തിന് 65 വയസ്സ് തികയും. സുപ്രീംകോടതിയില്‍ ഏഴുവര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വിരമിക്കല്‍. മേയ് 18 ആയിരുന്നു സുപ്രീംകോടതിയിലെ അവസാന പ്രവൃത്തിദിനം. പിന്നാലെ വേനലവധിക്കായി കോടതി അടച്ചിരുന്നു.
ജസ്റ്റിസുമാരായ മദന്‍ ബി. ലോകുര്‍, രഞ്ജന്‍ ഗൊഗോയി, കുര്യന്‍ ജോസഫ് എന്നിവര്‍ക്കൊപ്പമാണ് ചീഫ് ജസ്റ്റിനെതിരെ ആരോപണങ്ങളുന്നയിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഓരോ ബെഞ്ചിനും കേസുകള്‍ അനുവദിക്കുന്ന രീതിയെ ചോദ്യംചെയ്തായിരുന്നു വാര്‍ത്താസമ്മേളനം. 2014 ഡിസംബര്‍ ഒന്നിന് മരിച്ച പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ കേസിലെ നിലപാടിനെയും ഇവര്‍ വിമര്‍ശിച്ചിരുന്നു.
സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണെന്ന ചരിത്രവിധി പറഞ്ഞ ഒമ്പതംഗ ബെഞ്ചില്‍ അംഗമായിരുന്നു അദ്ദേഹം. ഉയര്‍ന്ന കോടതികളിലെ നിയമനം കൈകാര്യം ചെയ്തിരുന്ന നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്മെന്റ് കമീഷന്‍ നിയമനം റദ്ദാക്കിയ അഞ്ചംഗ ഭരണഘടന ബെഞ്ചിലും ഉണ്ടായിരുന്നു. ബെഞ്ചിലെ ഏക വിമതശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്.