
മാരകമായ ടൈപ്പ് ത്രീ ഡെങ്കി വൈറസ്: അതീവ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്
June 23, 2018പത്തനംതിട്ട: മാരകമായ ടൈപ്പ് ത്രീ ഡെങ്കി വൈറസിന്റെ സാന്നിദ്ധ്യം പത്തനംതിട്ട ജില്ലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അതീവജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. ഡെങ്കിപ്പനിയെക്കൂടാതെ മലമ്പനി പരത്തുന്ന അനോഫിലസ് പെണ്‍കൊതുകുകളെ അടൂര്‍ താലൂക്കില്‍ ജില്ലാ അതിര്‍ത്തിയില്‍ കണ്ടതായും ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കിയില്ലെങ്കില്‍ മലമ്പനിയും പടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.
ഈ വര്‍ഷം 19 പേര്‍ക്ക് മലമ്പനി റിപ്പോര്‍ട്ട് ചെയ്ത ആളുകളെല്ലാം അന്യസംസ്ഥാനതൊഴിലാളികളാണ്. നാട്ടുകാരില്‍ ആര്‍ക്കും ഇതുവരെ മലമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമ്പൂര്‍ണ മലേറിയ മുക്ത ജില്ലയായി പത്തനംതിട്ടയെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പായി നടത്തിയ കൊതുക് സര്‍വേയിലാണ് അടൂര്‍ താലൂക്കില്‍ അനോഫിലസ് കൊതുകകുകളെ കണ്ടെത്തിയത്.
നാലു തരം ഡെങ്കി വൈറസുകളില്‍ ഏറ്റവും മാരകമായ ഡെങ്കി ത്രീയുടെ സാന്നിദ്ധ്യവും ആശങ്കയേറ്റുന്നുണ്ട്. നാറാണംമൂഴി പഞ്ചായത്തില്‍ 11 വയസുകാരനാണ് ടൈപ്പ് ത്രീ വൈറസ് സ്ഥിരീകരിച്ചത്. ഈ സീസണില്‍ 300ല്‍ അധികം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. തലച്ചോറിനെ ബാധിക്കുന്ന ടൈപ്പ് ത്രീ ഡെങ്കി കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മരണം സംഭവിക്കാം.