മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി
ബംഗളൂരു: എച്ച്.സി.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. വെള്ളിയാഴ്ച രാവിലെ പുറത്തുപോകാൻ ആശുപത്രി അധികൃതർ അനുമതി നൽകിയതോടെ നഗരത്തിൽ എ.ഐ.സി.സി ഒരുക്കിയ താമസസ്ഥലത്ത് പകൽ സമയം കുടുംബത്തോടൊപ്പം ഉമ്മൻ ചാണ്ടി ചെലവഴിച്ചു.
വൈകീട്ട് ആശുപത്രിയിൽ തിരിച്ചെത്തി. ഇമ്യൂണോ തെറപ്പിയാണ് ചികിത്സ. അതുപ്രകാരം, മൂന്നു ദിവസംമുമ്പ് ആദ്യ ഡോസ് മരുന്ന് നൽകിയിരുന്നു. രണ്ടാഴ്ച നിരീക്ഷണ കാലയളവാണ്. ഇതിനിടെ ഫിസിയോതെറപ്പിയും ന്യൂട്രീഷ്യന്റെ നിർദേശപ്രകാരമുള്ള ഭക്ഷണക്രമവും തുടരുന്നുണ്ട്. രണ്ടാഴ്ചക്കുശേഷം രണ്ടാം ഡോസ് മരുന്ന് നൽകും.
ഉമ്മൻ ചാണ്ടി സന്തോഷവാനായിരിക്കുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ എച്ച്.സി.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തിന് ജര്‍മനിയില്‍ നടന്ന ചികിത്സയുടെ തുടര്‍ചികിത്സയാണ് ബംഗളൂരുവിൽ നൽകുന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഉമ്മൻ ചാണ്ടിയെ താമസസ്ഥലത്ത് സന്ദർശിച്ചു. ഉമ്മൻ ചാണ്ടി സൗഖ്യത്തോടെയും സന്തോഷവാനായും ഇരിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.