ക്ഷേത്ര ഭരണ സമിതിയിൽ രാഷ്ട്രീയക്കാർ വേണ്ടെന്ന് ഹൈക്കോടതി; സിപിഎമ്മുകാരുടെ നിയമനം അസാധുവാക്കി

ക്ഷേത്ര ഭരണ സമിതിയിൽ രാഷ്ട്രീയക്കാർ വേണ്ടെന്ന് ഹൈക്കോടതി; സിപിഎമ്മുകാരുടെ നിയമനം അസാധുവാക്കി

February 21, 2023 0 By Editor

 ക്ഷേത്രഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രിയ പാർട്ടി ഭാരവാഹികളെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. ദേവസ്വത്തിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സിപിഎം പ്രാദേശിക നേതാക്കളെ അംഗങ്ങളായി തിരഞ്ഞെടുത്തതിനെതിരെയായിരുന്നു ഹർജി.

നിയമനത്തിൽ മലബാർ ദേവസ്വം ബോഡിന്റെ സർക്കുലർ വ്യവസ്ഥകൾ ലംഘിച്ചതായും കോടതി നിരീക്ഷിച്ചു. അതിനാൽ സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അസാധുവാണെന്നും കോടതി വിലയിരുത്തി. ഡിവൈഎഫ്ഐ രാഷ്ട്രിയ സംഘടനയല്ലെന്ന വാദവും കോടതി തള്ളി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.