വിദ്യാർത്ഥിനിയെ ലഹരി കാരിയറാക്കിയ കേസ്: അമ്മയേയും സഹോദരനെയും കൊല്ലുമെന്ന് ലഹരിസംഘത്തിന്റെ ഭീഷണി
കോഴിക്കോട്: ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കെണിയില്‍പെടുത്തിയ സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതായി അമ്മ. നിയന്ത്രിക്കാന്‍ ശ്രമം തുടങ്ങിയതു മുതല്‍ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന ഭീഷണിയുണ്ട് . ഇപ്പോഴും ഭീഷണി തുടരുകയാണ്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അമ്മ പറഞ്ഞു.
ചികിത്സ കഴിഞ്ഞ് പുറത്തുവന്നാലും വീണ്ടും കുട്ടിക്ക് മയക്കുമരുന്നു നല്‍കാന്‍ സംഘം ശ്രമിക്കുമെന്ന് ഭയമുണ്ട്. കുട്ടിയുടെ കൂടെ ഞങ്ങള്‍ നടക്കുമ്പോള്‍ ഞങ്ങളെ കൊന്നുകളയണോ എന്നു വരെ കുട്ടിയോട് സംഘം ചോദിച്ചിരുന്നു. ഇതൊരു വലിയ ശൃംഖലയാണെന്നും പിന്നാലെ പോകരുതെന്നുമാണ് പലരും പറയുന്നത്. പേടിയുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. അതിനിടെ കേസില്‍ വിദ്യാര്‍ഥിനിയുടെ നാല് സഹപാഠികളെക്കൂടി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. കൂടുതൽ പേരെ ലഹരികടത്തിന് ഉപയോഗിച്ചെന്ന മൊഴിയെ തുടര്‍ന്നാണ് നീക്കം. സ്കൂള്‍ പ്രധാനാധ്യാപകന്റെയും മൊഴിയെടുക്കും.
ഇതേ ക്ലാസിൽ പഠിക്കുന്ന 4 പെൺകുട്ടികളെക്കൂടി കാരിയർമാരായി ലഹരിമാഫിയ ഉപയോഗിച്ചതായി വിദ്യാർഥിനി പൊലീസിനെ അറിയിച്ചിരുന്നു. ഈ കുട്ടികളുടെ വിലാസവും കൂടുതൽ വിവരങ്ങളും സ്കൂൾ പ്രധാനാധ്യാപകനോട് ആവശ്യപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘത്തലവൻ നർകോട്ടിക്സ് എസിപി പ്രകാശൻ പടന്നയിൽ പറഞ്ഞു. മജിസ്ട്രേട്ടിനു മുന്നിൽ കുട്ടിയെ പൊലീസ് ഹാജരാക്കി. പെൺകുട്ടിക്കു ലഹരി എത്തിച്ചുനൽകിയ അയൽവാസി മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ മുൻപും ലഹരിവിൽപനയ്ക്കു പിടികൂടിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കുട്ടി പൊലീസിനോടു പേരു വെളിപ്പെടുത്തിയ എല്ലാവരെയും ഉടൻ ചോദ്യം ചെയ്യും.
ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണു ലഹരി ഇടപാടുകളെന്നു പൊലീസ് സ്ഥിരീകരിച്ചു. നിലവിൽ പിടിയിലായത് അവസാനത്തെ കണ്ണി മാത്രമാണ്. ഇതിനു പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. പിടിയിലായ പ്രതിയുടെ മൊഴിയെടുത്താൽ ഈ റാക്കറ്റിലേക്ക് എത്താനാകുമെന്നാണു പ്രതീക്ഷ. ലഹരിസംഘം തന്നെ കാരിയറായി ഉപയോഗിക്കുകയാണെന്നും ഏഴാം ക്ലാസു മുതൽ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നും ഒൻപതാം ക്ലാസുകാരി കഴിഞ്ഞ ദിവസമാണു വെളിപ്പെടുത്തിയത്. കൈയിൽ ബ്ലേഡുകൊണ്ടു വരഞ്ഞതു ശ്രദ്ധയിൽപ്പെട്ട മാതാവാണു കുട്ടിയോടു വിവരം തിരക്കിയത്. സംശയം തോന്നിയ മാതാവു കുട്ടി സ്കൂളിൽ പോകുമ്പോൾ പിന്തുടരുകയും വിവരങ്ങൾ സ്കൂൾ മാനേജ്മെന്റിനെ അറിയിക്കുകയുമായിരുന്നു.