വിരുന്ന് പോയത് കണ്ണീർക്കയത്തിലേക്ക്; പുഴയിൽ മുങ്ങിമരിച്ച കുട്ടി​യുടെയും പിതൃസഹോദരിയുടെയും പോസ്റ്റ്മോർട്ടം ഇന്ന്

വിരുന്ന് പോയത് കണ്ണീർക്കയത്തിലേക്ക്; കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച കുട്ടി​യുടെയും പിതൃസഹോദരിയുടെയും പോസ്റ്റ്മോർട്ടം ഇന്ന്

April 18, 2025 Off By Editor

Malappuram News:  കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച 15കാരന്റെയും പിതൃസഹോദരിയുടെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ആനക്കര കൊള്ളാട്ട് വളപ്പില്‍ കബീറിന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15), തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ പരേതനായ റഷീദിന്റെ ഭാര്യ ആനക്കര കൊള്ളാട്ട് വളപ്പില്‍ ആബിദ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ കുറ്റിപ്പുറം തവനൂർ മദിരശ്ശേരിയിലാണ് സംഭവം.

ആബിദയുടെ സഹോദരന്‍ കബീറിന്റെ ഭാര്യ കൗലത്തും മക്കളായ മുഹമ്മദ് ലിയാന്‍, റയാന്‍, സയാന്‍ എന്നിവരും ബുധനാഴ്ചയാണ് ആബിദയുടെ വീട്ടിലേക്ക് വിരുന്നെത്തിയത്. വീടിനു സമീപം ഭാരതപ്പുഴയിലെ കടവില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ്‌ ലിയാന്‍ ഒഴുക്കിൽപെടുകയായിരുന്നു. ലിയാനെ രക്ഷിക്കാനിറങ്ങിയ ആബിദയും അപകടത്തിൽപെട്ടു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കും. മരിച്ച മുഹമ്മദ് ലിയാന്‍ ആനക്കര ഗവ. ഹയര്‍സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. പിതാവ് കബീര്‍ വിദേശത്താണ്.

ആബിദയുടെ മക്കള്‍: ഫാത്തിമ ഷിബീന്‍, മുഹമ്മദ് റിബിൻ ഫത്താഹ്. മരുമകൻ: മഹ്‌ഫൂസ് മുഹമ്മദ് അലി.