സ്ഥാപന മേധാവിക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്നു; ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി

പ്രതീകാത്മക ചിത്രം

ജോലിയില്‍ പ്രൊമോഷന് വേണ്ടി സ്ഥാപന മേധാവിയുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിനെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട കോടതി ഇതിനുപിന്നാലെ കേസെടുക്കുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

മഹാരാഷ്ട്ര പൂണെ സ്വദേശിയായ ഭര്‍ത്താവ് അദ്ദേഹത്തിന്റെ ജോലിയില്‍ സ്ഥാനക്കയറ്റം കിട്ടാനും സാമ്പത്തികനേട്ടത്തിനുമായി മറ്റുള്ളവരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചെന്നാണ് യുവതിയുടെ ആരോപണം. വിവാഹത്തിന് പിന്നാലെയാണ് ഇത്തരം കാര്യങ്ങള്‍ക്കായി നിര്‍ബന്ധിച്ചത്. മാത്രമല്ല, ഭര്‍തൃവീട്ടില്‍വെച്ച് ഭര്‍ത്താവിന്റെ സഹോദരന്‍ മോശമായി പെരുമാറിയെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

ഭര്‍തൃസഹോദരന്‍ പലതവണ മോശമായരീതിയില്‍ തന്നെ സ്പര്‍ശിച്ചു. 12 വയസ്സുള്ള മകളുടെ മുന്‍പില്‍വെച്ചും ഇയാള്‍ ഉപദ്രവിച്ചു. ഇത് എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയും ചെയ്തു. ഉപദ്രവം സഹിക്കാനാവാതെ ഒരിക്കല്‍ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ ഇതിനുശേഷവും ഭര്‍തൃവീട്ടില്‍നിന്നുള്ള ഉപദ്രവം തുടര്‍ന്നെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്

പീഡനം തുടര്‍ന്നതോടെ 2022 ഓഗസ്റ്റ് മാസം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ഭര്‍തൃവീട്ടിലെ പീഡനത്തെക്കുറിച്ച് ആദ്യം വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഇക്കാര്യം അമ്മയോട് തുറന്നുപറഞ്ഞു. ഇതിനുപിന്നാലെ ഇന്ദോര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഭര്‍ത്താവിനെ വിളിച്ചുവരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഭാര്യയെ ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞു. ഇക്കാര്യം ഭര്‍ത്താവില്‍നിന്ന് എഴുതിവാങ്ങിക്കുകയും ചെയ്തു. എന്നാല്‍ ഇതിനുശേഷവും ഉപദ്രവം തുടര്‍ന്നതോടെയാണ് യുവതി പരാതിയുമായി ഇന്ദോര്‍ കോടതിയെ സമീപിച്ചത്.

യുവതിയുടെ പരാതിയില്‍ വനിതാ ക്ഷേമകാര്യ ഓഫീസര്‍ അന്വേഷണം നടത്തണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഈ അന്വേഷണത്തിന് പിന്നാലെയാണ് ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്തത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story