എത്ര പി ആർ വർക്ക് നടത്തിയിട്ടും മുഖ്യമന്ത്രിയുടെ മരുമകൻ ശോഭിക്കുന്നില്ല; മരുമകന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ സ്പീക്കറെ മുഖ്യമന്ത്രി നാണം കെടുത്തുന്നു; ഇത് പിണറായി വിജയന്റെ കുടുംബ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ്

എത്ര പി ആർ വർക്ക് നടത്തിയിട്ടും മുഖ്യമന്ത്രിയുടെ മരുമകൻ ശോഭിക്കുന്നില്ല; മരുമകന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ സ്പീക്കറെ മുഖ്യമന്ത്രി നാണം കെടുത്തുന്നു; ഇത് പിണറായി വിജയന്റെ കുടുംബ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ്

March 15, 2023 0 By Editor

സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന യുഡിഎഫ് പ്രതിഷേധത്തിനിടെ കെ കെ രമയടക്കമുള്ള നാല് യു ഡി എഫ് എം എൽ എമാരെ വാച്ച് ആൻഡ് വാർഡും സി പി എം എം എൽ എ മാരും ചേർന്ന് ആക്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിൽ ഇന്ന് നടന്നത് സ്പീക്കറെ പരിഹാസ്യനാക്കാനുള്ള കുടുംബ അജണ്ടയാണെന്നും വി ഡി സതീശതൻ കുറ്റപ്പെടുത്തി. എത്ര പിആർ വർക്ക് നടത്തിയിട്ടും മരുമകൻ, സ്പീക്കർക്ക് ഒപ്പമെത്തുന്നില്ല. ഈ ആധികൊണ്ടാണ് സ്പീക്കറെ പരിഹാസ്യനാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടി എന്ന് പറയാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് എന്താണ് അവകാശം. മാനേജ്‌മെന്റ് ക്വോട്ടയിൽ മന്ത്രിയായ ആൾക്ക് ആരാണ് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു.

”സംസ്ഥാനത്ത് ഒരു ദിവസം ശരാശരി 47 സ്ത്രീകളാണ് അതിക്രമത്തിന് ഇരയാകുന്നത്. ഇത് നിയമസഭയിലല്ലാതെ ഞങ്ങൾ എവിടെ പോയി പറയും. ഇത് കൗരവ സഭയാണോ, നിയമസഭയാണോ?. ഇതുപോലൊരു വിഷയം നിയമസഭയിൽ പറ്റില്ലെങ്കിൽ എന്തിനാണ് നിയമസഭ കൂടുന്നത്. അതിന് മറുപടി പറയാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് സൗകര്യമില്ലെങ്കിൽ അദ്ദേഹം എന്തിന് ആ കസേരയിൽ ഇരിക്കുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയണ്ടേ?” അദ്ദേഹം ചോദിച്ചു.

സഭയിൽ ഭരണപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡും നടത്തിയ അക്രമത്തിൽ 4 പ്രതിപക്ഷ എംഎൽഎമാർക്ക് പരുക്കേറ്റതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളായ സനീഷ് കുമാർ, എ.കെ.എം.അഷ്‌റഫ്, ടി.വി.ഇബ്രാഹിം, കെ.കെ.രമ എന്നിവർക്കാണ് പരുക്കേറ്റത്. സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ അംഗങ്ങളെ മർദിച്ച ഭരണപക്ഷ അംഗങ്ങൾക്കെതിരെയും വാച്ച് ആൻഡ് വാർഡിനെതിരെയും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സ്പീക്കറുടെ ഓഫിസിനു മുന്നിൽ ഇരുന്നു പ്രതിഷേധിച്ചവരെയാണ് വാച്ച് ആൻഡ് വാർഡ് ആക്രമിച്ചത്. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം. സ്പീക്കറെ തടയില്ലെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച അംഗങ്ങളെ വാച്ച് ആൻഡ് വാർഡിനെ വിട്ട് തല്ലിച്ചു. ക്രൂരമായി ചവിട്ടിക്കൂട്ടി. ഇതിനു മുൻപും സഭയിൽ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. നിയമസഭയിലും പുറത്തും ധിക്കാരപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. നിയമസഭ കൂടുമ്പോൾ സർക്കാരിന് ഇഷ്ടമുള്ള കാര്യം ചർച്ച ചെയ്യാനല്ല പ്രതിപക്ഷം വരുന്നത്. സ്ത്രീ പീഡന വിഷയം നിയമസഭയില്ലാതെ എവിടെ ഉന്നയിക്കുമെന്ന് വി.ഡി.സതീശൻ ചോദിച്ചു. ‘സ്പീക്കറെ ഭയപ്പെടുത്താൻ ശ്രമം നടക്കുന്നു. കുടുംബ അജൻഡയാണ്, ഗൂഢാലോചനയാണ്. സ്പീക്കറെ അപകീർത്തിപ്പെടുത്തി, സ്പീക്കറെ വഷളാക്കി, പ്രതിപക്ഷത്തിന്റെ ടാർഗറ്റാക്കി സർക്കാരിനെ രക്ഷപ്പെടുത്താനാണ് ശ്രമം’വി.ഡി.സതീശൻ പറഞ്ഞു.