കെ.കെ രമയുടെ പരാതി; കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പോലീസ്, പാർട്ടി ഇടപെടേണ്ടതില്ലെന്ന് എം.വി ഗോവിന്ദൻ

കെ.കെ രമയുടെ പരാതി; കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പോലീസ്, പാർട്ടി ഇടപെടേണ്ടതില്ലെന്ന് എം.വി ഗോവിന്ദൻ

March 19, 2023 0 By Editor

തിരുവനന്തപുരം: കെ.കെ രമ എംഎൽഎയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രമയുടെ കൈക്ക് പരിക്ക് ഉണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ല. ഇതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും ​ഗോവിന്ദൻ പറഞ്ഞു.

കെ.കെ. രമ എംഎല്‍എയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് കഴിഞ്ഞ ദിവസം എം വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ സച്ചിൻദേവ് എംഎൽഎക്കെതിരെ കെ.കെ രമ എംഎൽഎ നൽകിയ പരാതിയിൽ സ്പീക്കറിന്റെയും സൈബർ സെല്ലിന്റെയും നീക്കങ്ങൾ നിരീക്ഷിച്ചു പ്രതിപക്ഷം. കെ കെ രമക്കെതിരായ പ്രചരണങ്ങളെ രാഷ്ട്രീയ ആയുധമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. നിയമസഭക്ക് അകത്തും പ്രതിപക്ഷം വിഷയം ഉന്നയിക്കും. കെ കെ രമയുടെ ചികിത്സ സംബന്ധിച്ച ആരോപണങ്ങളിൽ ആരോഗ്യ മന്ത്രി മറുപടി പറയണമെന്ന നിലപാടിലാണ് പ്രതിപക്ഷം.

കെ കെ രമയെ യുഡിഎഫ് സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. 52 വെട്ട് വെട്ടിയിട്ടും കലിയടങ്ങാതെ കെ കെ രമയ്ക്ക് നേരെ ആക്രോശവുമായി സിപിഐഎം വരികയാണ്. സമൂഹമാധ്യമങ്ങളില്‍ എംഎല്‍എ തന്നെ രമയ്‌ക്കെതിരെ ആക്ഷേപവുമായി വന്നു. പരിക്ക് പറ്റാത്തവര്‍ക്ക് പ്ലാസ്റ്റര്‍ ഇട്ട് കൊടുക്കുന്ന സ്ഥലമാണോ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയെന്ന ചോദ്യത്തിന് ആരോഗ്യ മന്ത്രിയാണ് മറുപടി നല്‍കേണ്ടത്. കെ കെ രമയെ അധിക്ഷേപിക്കാന്‍ കിട്ടുന്ന ഒരു അവസരവും സിപിഐഎം പാഴാക്കാറില്ല. രമയ്ക്ക് മേല്‍ ഒരാളും കുതിര കയറാന്‍ വരേണ്ട. ഞങ്ങള്‍ അവരെ ചേര്‍ത്ത് പിടിച്ച് സംരക്ഷിക്കും. വിധവയായ സ്ത്രീയെ അപമാനിക്കുന്നത് കേരളം കണ്ടു കൊണ്ടിരിക്കുകയാണെന്നത് മറക്കേണ്ടെന്നും സതീശൻ പറഞ്ഞു.