തടവ് ശിക്ഷയിൽ സ്റ്റേ കിട്ടിയില്ലെങ്കില്‍ രാഹുൽ ഗാന്ധിയ്ക്ക് അയോഗ്യത;എംപി സ്ഥാനം നഷ്ടമാകും

ഗുജറാത്തിലെ മാനനഷ്ടക്കേസിൽ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍. കേസില്‍ മേല്‍ക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത നേരിടേണ്ടിവരും.രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സ്‌റ്റേ ചെയ്തില്ലെങ്കില്‍ രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാവും. നിലവിലെ ചട്ടപ്രകാരം ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ ശിക്ഷ വിധിക്കുന്ന അന്നു മുതൽ അയോഗ്യരാവും.

2013 ജൂലൈ 13ന് സുപ്രീം കോടതി പരിഗണിച്ച ലില്ലി തോമസ് vs ഇന്ത്യാ ഗവണ്‍മെന്‍റ് കേസിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

രാഹുലിന്റെ കേസില്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായി രാഹുലിന് ജാമ്യവും അനുവദിച്ചു. മേല്‍ക്കോടതി ശിക്ഷ സ്‌റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംപി സ്ഥാനം നഷ്ടമാവും. കൂടാതെ ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക് വരും.

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്. 2019ലെ ലോക്സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. ‘എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ്’ എന്നായിരുന്നു രാഹുലിന്റെ പരാമർശം.

രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു ആരോപണം.രാഹുൽ ഗാന്ധി കോടതിയിലെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ അവസാനമായി ഹാജരായത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story