ഷാരൂഖ് തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്ന് നിഗമനം?!; എന്തുകൊണ്ട് കേരളം എന്നതിൽ അന്വേഷണം
എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിൽ പിടിയിലായ ഷാരൂഖ് സെയ്ഫി തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്ന് നിഗമനം. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽനിന്നു പിടിയിലായ ഷാരൂഖ് സെയ്ഫിയെ പ്രാഥമിക ചോദ്യംചെയ്യലിനു വിധേയനാക്കിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചത്. പൊള്ളലിനു ചികിത്സ തേടി രത്‌നഗിരിയിലെ ആശുപത്രിയിലെത്തിയ ഇയാളെ, തുടർന്ന് ട്രെയിനിൽ മടങ്ങാൻ ശ്രമിക്കുമ്പോഴാണു മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്.
ഷാരൂഖ് സെയ്ഫി ഒറ്റയ്ക്കു തന്നെയാണ് കൃത്യം നിർവഹിച്ചതെന്നാണു നിലവിലെ വിവരം. ആക്രമണം പദ്ധതിയിടുമ്പോൾ ഇയാൾക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, ഇത്തരമൊരു ആക്രമണത്തിന് എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു, അതിൽത്തന്നെ ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതോടെയാണു പ്രതി ആലപ്പുഴയില്‍നിന്നു കണ്ണൂരിലേക്കുള്ള എക്സിക്യുട്ടീവ് ട്രെയിനില്‍ പെട്രോളൊഴിച്ച് തീയിട്ടത്. തീപടര്‍ന്നതിനെ തുടര്‍ന്ന് ട്രെയിനിൽനിന്നു പരിഭ്രാന്തരായി ചാടിയെന്നു കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. ഒന്‍പതു പേര്‍ക്കു സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.
റെയില്‍വേ ട്രാക്കില്‍നിന്നു ലഭിച്ച ബാഗില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിച്ചത്. ബാഗിലുണ്ടായിരുന്ന ഡയറിയില്‍ ഷാരൂഖ് സെയ്ഫി കാര്‍പെന്ററെന്ന് എഴുതിയിരുന്നു. ഇതേ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിച്ചത്. അതേസമയം, പിടിയിലായ ഷാരൂഖ് സെയ്ഫി തന്നെയാണ് ഷഹീന്‍ബാഗില്‍നിന്ന് കാണാതായ ഷാരൂഖ് എന്ന് പൊലീസ് സ്ഥിരീകരിച്ചു.