എലത്തൂർ ട്രെയിൻ തീവയ്പില്‍ ഷൊർണൂർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം; കൂട്ടാളികളുണ്ടെന്ന സംശയത്തിൽ പൊലീസ്
കോഴിക്കോട്: ഷാറുഖ് സെയ്ഫി ഷൊർണൂരിൽ ആരെയെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്നു കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. തനിച്ചാണു കുറ്റകൃത്യം ചെയ്തതെന്ന് ഷാറുഖ് സെയ്ഫി പറയുമ്പോഴും കുറ്റകൃത്യത്തിനു മുൻപും ശേഷവും സഹായം ലഭിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്.
സമ്പർക്കക്രാന്തി എക്സ്പ്രസിൽ ഈ മാസം 2നു രാവിലെ 4.49ന് ഷൊർണൂർ ജംക്‌ഷനിലെത്തിയ ഷാറുഖ് സെയ്ഫി രാത്രി 7.19നാണ് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറുന്നത്. ഇതിനിടയിലെ ഒരു പകൽ നടന്ന കാര്യങ്ങളാണ് കണ്ടെത്തേണ്ടത്. റെയിൽവേ സ്റ്റേഷനിൽ നിന്നു നടന്ന് കനറാ ബാങ്കിനു മുൻവശത്തെ ഓട്ടോ സ്റ്റാൻഡിലെത്തി ഓട്ടോ പിടിച്ചാണ് ഒന്നര കിലോമീറ്റർ അകലെയുള്ള പമ്പിലെത്തിയത്. അതിന് മുൻപ് 4 ലീറ്റർ ശുദ്ധജലം വാങ്ങി കുപ്പികളിൽ നിന്ന് ഒഴിച്ചുകളഞ്ഞതായാണു കരുതുന്നത്.
ട്രാക്കിൽ നിന്ന് ലഭിച്ച ഇയാളുടെ ബാഗിൽ നിന്ന് പൊലീസ് ഭക്ഷണപാത്രം കണ്ടെത്തിയിരുന്നു. ഒട്ടും പഴക്കമില്ലാത്ത ഭക്ഷണമായിരുന്നു പാത്രത്തിലുണ്ടായിരുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നു വാങ്ങിയതെന്ന് പ്രതി പറയുന്നുണ്ടെങ്കിലും ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ആരെങ്കിലും വീട്ടിലുണ്ടാക്കി നൽകിയതാണോ എന്നും സംശയിക്കുന്നുണ്ട്. പ്രാദേശികമായി സഹായിക്കാൻ ആരോ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
എലത്തൂരിൽ ആക്രമണമുണ്ടായ ശേഷം ട്രെയിനിൽ ചങ്ങല വലിച്ച് വണ്ടി നിർത്തിയത് ആരെന്നും പൊലീസ് അന്വേഷിക്കുന്നു. ഇയാളെ സഹായിക്കാൻ ആരെങ്കിലും വണ്ടിയിലുണ്ടായിരുന്നോ എന്നു വ്യക്തമാകാനുണ്ട്.
ആക്രമണമുണ്ടായ സമയത്ത് ധരിച്ചിരുന്ന വസ്ത്രമായിരുന്നില്ല പിടിയിലായ സമയത്ത് ധരിച്ചിരുന്നത്. വസ്ത്രങ്ങൾ അടങ്ങിയ ബാഗ് നേരത്തേ ട്രാക്കിൽ വീണു നഷ്ടമായിരുന്നു. കണ്ണൂരിൽ ഇയാൾ ചെന്ന് ഇറങ്ങിയത് അർധരാത്രിയാണ്. പുലർച്ചെയോടെ മരുസാഗർ എക്സ്പ്രസിൽ കയറിപ്പോവുകയും ചെയ്തു. അങ്ങനെയെങ്കിൽ ഇയാൾക്ക് മാറാനുള്ള വസ്ത്രം എവിടെനിന്നു കിട്ടി എന്നതും അറിയാനുണ്ട്.