ഇന്ത്യ മുസ്ലീംങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസമുള്ള രാജ്യമാണെങ്കില്‍ പിന്നെ എങ്ങനെയാണ് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ കൂടുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍

ഇന്ത്യ മുസ്ലീംങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസമുള്ള രാജ്യമാണെങ്കില്‍ പിന്നെ എങ്ങനെയാണ് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ കൂടുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍

April 11, 2023 0 By Editor

ഇന്ത്യ മുസ്ലീംങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസമുള്ള രാജ്യമാണെങ്കില്‍ പിന്നെ എങ്ങനെയാണ് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ കൂടുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്തെ മുസ്ലീം ജനസംഖ്യ വര്‍ധിക്കുക മാത്രമാണ് ചെയ്തതെന്നും അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലെ പീറ്റേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സംവാദത്തിനിടെ നിര്‍മലാ സീതാരാമന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരേയുള്ള നടപടിയും മുസ്ലീംങ്ങള്‍ക്കെതിരേയുള്ള അതിക്രമവും സംബന്ധിച്ച പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ മൂലധന നിക്ഷപത്തെ ബാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയില്‍ മുസ്ലീംങ്ങള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ അവരുടെ സാധാരണ ജീവിതമാണ് തുടരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 1947ന് ശേഷം രാജ്യത്തെ മുസ്ലീം ജനസംഖ്യ ഉയരുകയാണ് ഉണ്ടായത്. മുസ്ലീംങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസമുള്ള രാജ്യമാണ് ഇന്ത്യയെങ്കില്‍ പിന്നെ എങ്ങനെയാണ് ഇവിടെ മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നതെന്നും നിര്‍മലാ സീതാരാമന്‍ ചോദിച്ചു. ഇന്ത്യയില്‍ നേരിട്ട് വരുകയോ ഇവിടുത്തെ യാഥാര്‍ഥ്യം തിരിച്ചറിയുകയോ ചെയ്യാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സത്യാവസ്ഥ തിരിച്ചറിയാതെ റിപ്പോര്‍ട്ടുകള്‍ മാത്രം അടിച്ചുവിടുന്നവരുടെ നിഗമനങ്ങള്‍ ശ്രദ്ധിക്കാതെ ഇന്ത്യയില്‍ നടക്കുന്നത് എന്താണെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെടണമെന്നാണ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താത്പര്യമുള്ളവരോട് തനിക്ക് പറയാനുള്ളത്. രാജ്യത്തിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ഇന്ത്യയിലേക്ക് ക്ഷണിച്ച മന്ത്രി രാജ്യത്തുടനീളം സഞ്ചരിച്ച് അവരുടെ ആരോപണങ്ങള്‍ തെളിയിക്കണമെന്നും ആവശ്യപ്പെട്ടു.

പാകിസ്താനേയും മന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സ്വയം ഇസ്ലാമിക രാജ്യമായി പ്രഖ്യാപിക്കപ്പെട്ട പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ എല്ലാ ന്യൂനപക്ഷങ്ങളും അവിടെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ചില മുസ്ലീം സമുദായങ്ങള്‍ പോലും നാശത്തിന്റെ വക്കിലാണ്. പ്രധാന സുന്നി വിഭാഗക്കാര്‍ അംഗീകരിക്കാത്ത മുസ്ലീം വിഭാഗങ്ങള്‍ക്കെതിരേയെല്ലാം അവിടെ അതിക്രമങ്ങള്‍ നടക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ എല്ലാ വിഭാഗം മുസ്ലീംങ്ങളും സുഖമായി ജീവിക്കുന്നു. അവരുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നു. അവര്‍ക്ക് സര്‍ക്കാര്‍ ഫെലോഷിപ്പുകള്‍ കിട്ടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.