ആർഎസ്എസിന്റെ റൂട്ട് മാർച്ചിന് സുപ്രീം കോടതിയുടെ അനുമതി; തമിഴ്നാട് സർക്കാരിന് തിരിച്ചടി
തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ആർഎസ്എസ് നടത്തുന്ന റൂട്ട് മാർച്ചിന് സുപ്രീം കോടതി അനുമതി നൽകി. റൂട്ട് മാർച്ചിന് മദ്രാസ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനെതിരെ തമിഴ്നാട് സർക്കാർ…
തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ആർഎസ്എസ് നടത്തുന്ന റൂട്ട് മാർച്ചിന് സുപ്രീം കോടതി അനുമതി നൽകി. റൂട്ട് മാർച്ചിന് മദ്രാസ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനെതിരെ തമിഴ്നാട് സർക്കാർ…
തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ആർഎസ്എസ് നടത്തുന്ന റൂട്ട് മാർച്ചിന് സുപ്രീം കോടതി അനുമതി നൽകി. റൂട്ട് മാർച്ചിന് മദ്രാസ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജി തള്ളിയാണ് റൂട്ട് മാർച്ചുമായി മുന്നോട്ടു പോകാൻ സുപ്രീം കോടതി ആർഎസ്എസിന് അനുമതി നൽകിയത്. ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.
ആർഎസ്എസ് നടത്തുന്ന റൂട്ട് മാർച്ചിന് തങ്ങൾ പൂർണമായും എതിരല്ലെന്നു തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ചിലയിടങ്ങളിൽ നിബന്ധനകളോടെ മാത്രമേ റൂട്ട് മാർച്ച് അനുവദിക്കാൻ കഴിയൂവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഹർജി തള്ളിയ സുപ്രീം കോടതി, റൂട്ട് മാർച്ചുമായി മുന്നോട്ടു പോകാൻ ആർഎസ്എസിന് അനുമതി നൽകിയത്.
മുൻപു നിശ്ചയിച്ചിരുന്ന തീയതികളിൽ ചില മാറ്റങ്ങളോടെ റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫെബ്രുവരി 10നാണ് ആർഎസ്എസിന് അനുമതി നൽകിയത്. ആരോഗ്യകരമായ ജനാധിപത്യത്തിന് ഇത്തരം പ്രതിഷേധങ്ങൾ അനിവാര്യമാണെന്ന നിരീക്ഷണത്തോടെയായിരുന്നു ഇത്. ഈ വിധിക്കെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
പൊതുജനത്തിന് ശല്യം ഉണ്ടാക്കരുത്, ആയുധങ്ങൾ കൈവശം വയ്ക്കരുത്, വിദ്വേഷ മുദ്രാവാക്യങ്ങൾ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഹൈക്കോടതി വച്ചിരുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം ആർഎസ്എസ് ഏറ്റെടുക്കണമെന്നു കോടതി നിർദേശിച്ചിരുന്നു.