
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമീഷന് തത്ക്കാലത്തേക്ക് തുടരാമെന്ന് ഹൈകോടതി
April 7, 2025കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമീഷന് തത്ക്കാലത്തേക്ക് തുടരാമെന്ന് ഹൈകോടതി. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സര്ക്കാര് നൽകിയ അപ്പീൽ വേനലധിക്കുശേഷം ജൂണിൽ പരിഗണിക്കുമെന്നും ഹര്ജിയിൽ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്നും ഹൈകോടതി വ്യക്തമാക്കി.
നേരത്തേ വഖഫ് സംരക്ഷണവേദി സമർപ്പിച്ച ഹരജിയിൽ ജുഡീഷ്യൽ കമീഷൻ നിയമനം റദ്ദാക്കി സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത്, ജുഡീഷ്യൽ കമീഷൻ കാലാവധി മേയ് 27ന് തീരുന്ന സാഹചര്യത്തിൽ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹരജി നൽകുകയായിരുന്നു. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്നല്ല, വസ്തുതാന്വേഷണമാണ് കമീഷൻ നടത്തുന്നത്. സാധാരണക്കാരായ താമസക്കാരുടെ പ്രക്ഷോഭത്തെ തുടർന്ന് പൊതുതാൽപര്യമുള്ള വിഷയമെന്ന നിലയിലാണ് അന്വേഷണ കമീഷനെ നിയമിച്ചതെന്നും വാദിച്ചു. കോടതിയുടെ ഉത്തരവില്ലാതെ കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്ന് സർക്കാർ വ്യക്തമാക്കി.
വഖഫ് സ്വത്തുമായി ബന്ധപ്പെട്ട തർക്കമുണ്ടായാൽ വഖഫ് ബോർഡാണ് തീരുമാനിക്കേണ്ടതെന്ന് ഹരജിക്കാരായ വഖഫ് സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. നിലവിൽ വിഷയം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. അന്വേഷണ കമീഷൻ നിലനിൽക്കുന്നതല്ലെന്ന് വിലയിരുത്തി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് വസ്തുതാപരമാണ്. അന്വേഷണ കമീഷനായ റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ പ്രവർത്തനം സ്വമേധയാ നിർത്തിവെച്ചതാണ്. കോടതിയോ സർക്കാറോ പ്രവർത്തനം നിർത്താൻ ഉത്തരവിട്ടിരുന്നില്ല. ചില വ്യക്തികളും വഖഫും തമ്മിലുള്ള കേസായതിനാൽ പൊതുതാൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടി. പൊതുതാൽപര്യമില്ലെങ്കിൽ ഹരജിക്കാർക്കുള്ള താൽപര്യം എന്തെന്ന കോടതിയുടെ ചോദ്യത്തിന് വഖഫ് ആനുകൂല്യം ലഭിക്കുന്ന സമുദായാംഗങ്ങൾ എന്ന നിലയിൽ താൽപര്യങ്ങളുണ്ടെന്ന് ഹരജിക്കാർ വാദിച്ചിരുന്നു.