തേവരയില്‍ 25 ന് മോഡിയുടെ റോഡ്‌ഷോ ; ക്രൈസ്തവ സമൂഹം പ്രധാനമന്ത്രിയെ തുറന്ന ഹൃദയത്തോടെ സ്വീകരിച്ചെന്ന് ബിജെപി

കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനത്തെ തുറന്ന ഹൃദയത്തോടെ സ്വീകരിച്ചെന്നു ബി.ജെ.പി. കോര്‍ കമ്മിറ്റി. ബി.ജെ.പി. വിഭാവനം ചെയ്യുന്ന സര്‍വമത സമഭാവനയുടെ അടിസ്ഥാനത്തിലുള്ള പ്രധാനമന്ത്രിയുടെ ഡല്‍ഹി കത്തീഡ്രല്‍ സന്ദര്‍ശനം മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ടെന്നും ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി.

ബി.ജെ.പിയുടെ കേരള കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു യോഗം വ്യക്തമാക്കി. കേരളത്തിലെ ക്രൈസ്തവ സമൂഹം മോദിയുടെ സമീപനത്തെ തുറന്ന ഹൃദയത്തോടെ സ്വീകരിച്ചെന്നാണ് ഇടത്-വലത് മുന്നണികള്‍ പ്രകടിപ്പിക്കുന്ന അങ്കലാപ്പ് വ്യക്തമാക്കുന്നതെന്നു കോര്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. "ഇടതു-വലതു മുന്നണികള്‍ രാഷ്ട്രീയ പാപ്പരത്തമാണു കാണിക്കുന്നത്.

uploads/news/2023/04/624652/BJP.gif

അവരുടെ പരാജയഭീതിയാണ് പ്രകടമാകുന്നത്. പ്രധാനമന്ത്രി നടത്തിയ ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശനം ചരിത്രപരമായ നീക്കമാണ്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രാര്‍ഥനയുടെ ഭാഗമാകുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത് ആത്മവിശ്വാസം വളര്‍ത്തും. കേരളത്തിലെ ക്രൈസ്തവര്‍ പ്രധാനമന്ത്രിയുടെ സമീപനത്തെ തുറന്ന ഹൃദയത്തോടെയാണു സ്വീകരിച്ചത്"-യോഗം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ സമഗ്രവികസനത്തിനു നരേന്ദ്രമോദി നടത്തുന്ന സേവനങ്ങള്‍ക്കു കോര്‍ കമ്മിറ്റി കൃതജ്ഞത രേഖപ്പെടുത്തി. പ്രധാനമന്ത്രി ഈ മാസം 25 നു നടത്തുന്ന കേരള സന്ദര്‍ശനത്തിന്റെ തയാറെടുപ്പുകളെപ്പറ്റി കോര്‍ കമ്മിറ്റി വിലയിരുത്തി. തേവര കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം സമ്മേളനം പ്രധാനമന്ത്രി അന്നു വെകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും.

തേവരയില്‍ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഒ. രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, സി.കെ. പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, എ.പി. അബ്ദുള്ളക്കുട്ടി, എ.എന്‍. രാധാകൃഷ്ണന്‍, ജോര്‍ജ് കുര്യന്‍, എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, പി.സുധീര്‍ എന്നിവര്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story