‘അരിക്കൊമ്പനെ മാറ്റാൻ ഉചിതമായ സ്ഥലം കണ്ടെത്താനായില്ല’: സർക്കാർ സുപ്രീം കോടതിയിലേക്ക്

‘അരിക്കൊമ്പനെ മാറ്റാൻ ഉചിതമായ സ്ഥലം കണ്ടെത്താനായില്ല’: സർക്കാർ സുപ്രീം കോടതിയിലേക്ക്

April 14, 2023 0 By Editor

കോഴിക്കോട്: അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ ജനങ്ങളെ പ്രകോപിപ്പിച്ച് കൊണ്ട് നടപടിയുമായി മുന്നോട്ട് പോകുന്നത് പ്രയാസമാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. ഹൈക്കോടതി വിധി നടപ്പിലാക്കാൻ ഏറെ പ്രയാസമുള്ളതായിട്ടാണ് അനുഭവപ്പെടുന്നതെന്നും ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ തീരുമാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

പറമ്പിക്കുളത്ത് മുൻപ് ഒരിക്കലും കാണാത്ത ജനകീയ പ്രതിഷേധമാണ് നടക്കുന്നത്. 5 ദിവസത്തിനകം മറ്റൊരു സ്ഥലം അറിയിക്കാനാണ് കോടതി നിർദേശം. ഇന്നലെ വരെയുള്ള അന്വേഷണത്തിൽ സുരക്ഷിത സ്ഥലം ഇല്ല. ഈ വിവരം സുപ്രീം കോടതിയെ ധരിപ്പിക്കും. സുപ്രീം കോടതി ഉപദേശം ലഭിച്ചാൽ അതിനനുസരിച്ച് മുന്നോട്ടു പോകും. ഇന്നു തന്നെ ഓൺലൈനായി സുപ്രീം കോടതിയിൽ അപേക്ഷ നൽകാൻ ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

2016നു ശേഷം ആകെ 3 ആനകളെയാണ് പിടികൂടിയത്. അപൂർവമായി സംഭരിക്കുന്ന കാര്യങ്ങൾ സാമാന്യവൽക്കരിക്കുന്നത് ശരിയല്ല. പിടിച്ച ആനകൾക്ക് എന്തുപറ്റി എന്ന് കോടതി അന്വേഷിക്കുന്നില്ല എന്നാണ് മനസിലാക്കുന്നത്. പരിസ്ഥിതി വാദികൾക്ക് അമിതമായ പ്രാധാന്യം കോടതി കൊടുക്കുന്നതുപോലെ തോന്നിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ജനങ്ങളുമായി ഒരു ഏറ്റുമുട്ടലിന് സാധ്യതയുള്ളതിനാലാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ സർക്കാർ മറ്റു വഴി തേടണം എന്നാണ് കോടതി പറയുന്നത്. ഇതു പുനഃപരിശോധിക്കാനായി ഹൈക്കോടതിയെ സമീപിക്കാം. പക്ഷേ, ബെഞ്ചിന്റെ മനോഭാവത്തിൽ മാറ്റമുണ്ടാവില്ല എന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് വിദഗ്ധ അഭിപ്രായം തേടി സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.