തൃശൂർ ആൾക്കൂട്ട മർദനത്തിൽ അടക്ക വ്യാപാരി അടക്കം നാലു പേർ അറസ്റ്റിൽ; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ്

തൃശൂർ: കിള്ളിമംഗലത്ത് യുവാവിനെ ആൾക്കൂട്ടം മർദിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. അടക്ക വ്യാപാരി അബ്ബാസ്, സഹോദരൻ ഇബ്രാഹിം, ബന്ധു അൽത്താഫ്, അയൽവാസി കബീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കൂടുതൽ പേർ ഉണ്ടാകുമെന്നും അന്വേഷണം ഊർജിതമാണെന്നും ചേലക്കര പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആൾക്കൂട്ട മർദനത്തിനിരയായത്. സന്തോഷിന്‍റെ തലക്ക് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. അടക്ക മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മർദനത്തിന്റെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി.

വീട്ടിൽ സ്ഥിരമായി മോഷണം നടക്കുന്നതിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് മോഷണശ്രമം കണ്ടെത്തിയത്. ഗേറ്റ് ചാടിക്കടന്നപ്പോൾ പറ്റിയതാണ് പരിക്കെന്നാണ് നാട്ടുകാർ പറയുന്നത്. അബ്ബാസിന്‍റെ വീട്ടിൽ നിന്നാണ് സന്തോഷിനെ പിടികൂടിയത്. സന്തോഷ് ഇവിടെയെത്തുന്നതും അടക്ക വെക്കുന്ന ഇടത്തേക്ക് പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story