ഫേസ്ബുക്ക്‌ വഴി ബിസിനസ്സ് ലോൺ വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയിൽ

ആലപ്പുഴ : ഫേസ് ബുക്ക്‌ വഴി 25,00000 രൂപ വാഗ്ദാനം ചെയ്ത് നീലംപേരൂർ സ്വദേശിയിൽ നിന്നും 1,35,000  രൂപ വിശ്വാസ വഞ്ചനയിലൂടെ കൈക്കലാക്കിയ കേസിൽ ഒരാൾ പിടിയിൽ.…

ആലപ്പുഴ : ഫേസ് ബുക്ക്‌ വഴി 25,00000 രൂപ വാഗ്ദാനം ചെയ്ത് നീലംപേരൂർ സ്വദേശിയിൽ നിന്നും 1,35,000 രൂപ വിശ്വാസ വഞ്ചനയിലൂടെ കൈക്കലാക്കിയ കേസിൽ ഒരാൾ പിടിയിൽ. തൃശൂർ അരനാട്ടുകര പാരികുന്നത്തു വീട്ടിൽ ഷബീർ അലിയെ (41) ആണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സോഷ്യൽ മീഡിയയിൽ പരസ്യം കണ്ടു ഫോണിൽ ബന്ധപ്പെട്ട നീലംപേരൂർ സ്വദേശികളെ എറണാകുളത്തുള്ള ഹോട്ടലിലേക്ക് വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തുകയും ആദ്യ പലിശ ആയി 135000 രൂപ അടച്ചാൽ മാത്രമേ ലോൺ കിട്ടുകയുള്ളു എന്ന് പറയുകയും, തുടർന്ന് പരാതിക്കാരൻ നീലംപേരൂർ എസ്ബിഐ ശാഖ വഴി പ്രതിയുടെ അക്കൗണ്ടിലേയ്ക്ക് തുക അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ ഫോണിൽ ബന്ധപെടുവാൻ ശ്രമിച്ചപ്പോൾ ആണ് തട്ടിപ്പിന് ഇരയായി എന്ന് മനസിലായത്. തുടർന്ന് കൈനടി പൊലീസിൽ പരാതി നൽകുകയും പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

കുറ്റകൃത്യത്തിനു ശേഷം കേരളത്തിൽ വിവിധ ഇടങ്ങളിലും ബാംഗ്ലൂരിലും ആയി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ഫ്ലാറ്റുകളിൽ വാടകയ്ക്ക് താമസിച്ചു ഒളിവിൽ കഴിയുന്നതിനു ഇടയിൽ പ്രതി രഹസ്യമായി ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് തൃശ്ശൂരിലെ ഒരു ഫ്ലാറ്റിൽ നിന്നും പ്രതിയെ കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്. കൈനടി പൊലീസ് സ്റ്റേഷനിൽ കൂടാതെ പ്രതിയുടെ പേരിൽ കൊടകര, ഗുരുവായൂർ, വടക്കാഞ്ചേരി, ചേലക്കര തുടങ്ങിയ സ്റ്റേഷനുകളിലും വഞ്ചനാ കേസുകൾ ഉണ്ട്‌. കൊടകര പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ 18 വാറണ്ടുകൾ നിലവിൽ ഉണ്ട്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നിർദേശാനുസരണം, അമ്പലപ്പുഴ ഡി.വൈ.എസ്.പി ബിജു.വി.നായരുടെ മേൽനോട്ടത്തിൽ കൈനടി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജീവ്‌ ആറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ടി. എസ്. രാഘവൻകുട്ടി, ഷിബു. എസ് ,സിവിൽ പൊലീസ് ഓഫീസർമാരായ സനോജ്, സാംജിത്ത്, രാഹുൽ എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story