കോഴിക്കോട് ഐസ്ക്രീം കഴിച്ച് കുട്ടി മരിച്ചത് കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ

അരിക്കുളത്ത് ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. അഹമ്മദ് ഹസൻ റിസായി (12) യുടെ മരണത്തിൽ പിതൃസഹോദരി താഹിറ (34) യെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് മെംബറുടെ സാന്നിധ്യത്തിൽ ഡിവൈഎസ്പി ആർ.ഹരിപ്രസാദാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐസ്ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ കൊടുക്കുകയായിരുന്നു. ഉമ്മയും രണ്ടു മക്കളും വീട്ടിലില്ലാത്തതിനാൽ അവർ രക്ഷപ്പെട്ടു.

അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമദ് ഹസൻ റിഫായി(12)യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മരണകാരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ശക്തമാക്കിയത്. ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. ഇതേത്തുടർന്ന് ഛർദിയുണ്ടാവുകയും അവശനിലയിലാവുകയും ചെയ്ത അഹമ്മദ് ഹസൻ റിഫായി പിറ്റേന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊലീസ്, ഫൊറൻസിക് വിഭാഗം എന്നിവർ പരിശോധന നടത്തുകയും സാംപിൾ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തിരുന്നു. അരിക്കുളത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് കുട്ടി കഴിച്ച ഐസ്‌ക്രീം വാങ്ങിയത്. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് കട താല്‍ക്കാലികമായി അടച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഐസ്‌ക്രീം സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് കൊയിലാണ്ടി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. നിരവധി പേരിൽനിന്നു പൊലീസ് മൊഴിയെടുത്തു. റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.കറപ്പസാമിയുടെ നേതൃത്വത്തിൽ ഡിവൈഎസ് പി.ആർ.ഹരിപ്രസാദ്, പൊലീസ് ഇൻസ്പെക്ടർ കെ.സി.സുബാഷ് ബാബു, എസ്ഐ വി.അനീഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story