സോളാര്‍ കേസ് അന്വേഷിച്ച റിട്ട.ഡിവൈഎസ്പി ട്രെയിൻ തട്ടി മരിച്ച നിലയിൽ

സോളാര്‍ കേസ് അന്വേഷിച്ച റിട്ട.ഡിവൈഎസ്പി ട്രെയിൻ തട്ടി മരിച്ച നിലയിൽ

April 29, 2023 0 By Editor

കായംകുളം: റിട്ടയേർഡ് ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഏവൂരിലാണ് സംഭവം. ഇവിടെ രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ള ലെവൽ ക്രോസ്സിലാണ് ഹരികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാർ അപകടമുണ്ടായ സ്ഥലത്തിനു സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് ഹരികൃഷ്ണനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

അതേസമയം, ഹരികൃഷ്ണന്റെ മരണം ആത്മഹത്യയാണെന്നും സംശയമുണ്ട്. ഇദ്ദേഹത്തിന്റെ പോക്കറ്റിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായാണ് വിവരം. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെ സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഹരികൃഷ്ണനെതിരെ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കേസും ഇയാള്‍ക്കെതിരെ ഉണ്ട്. ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലന്‍സ് റെയ്ഡും നടന്നിരുന്നു.

സരിത എസ്.നായരെ അറസ്റ്റു ചെയ്തതു മുതല്‍ ഹരികൃഷ്ണന്‍ വിവാദത്തിലായിരുന്നു. അര്‍ധരാത്രി തിടുക്കപ്പെട്ട് സരിതയെ അറസ്റ്റു ചെയ്തത് ഉന്നതരെ സംരക്ഷിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സരിതയുടെ ലാപ്ടോപ്പ് സംബന്ധിച്ച വിവാദങ്ങളിലും ഹരികൃഷ്ണനെതിരെ ആരോപണങ്ങളുണ്ടായിരുന്നു. സോളാര്‍ കമ്മിഷനിലും ഹരികൃഷ്ണന് വിമര്‍ശമേല്‍ക്കേണ്ടിവന്നിരുന്നു.