പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി: അഞ്ചു മാസത്തിനിടെ ‘ഭാര്യ’യായി വിറ്റത് രണ്ടു പേർക്ക്

പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി: അഞ്ചു മാസത്തിനിടെ ‘ഭാര്യ’യായി വിറ്റത് രണ്ടു പേർക്ക്

May 2, 2023 0 By Editor

മധ്യപ്രദേശിൽനിന്ന് വിനോദയാത്ര പോയ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി രണ്ടു പേർക്ക് ‘വധു’വായി വിറ്റതായി ശിശുക്ഷേമ സമിതി. പത്താം ക്ലാസ് പരീക്ഷയ്ക്കു പിന്നാലെ മധ്യപ്രദേശിലെ കാത്‌നിയിലെ വീട്ടിൽനിന്ന് വിനോദയാത്രയ്ക്കു പോയ കുട്ടിയെ അഞ്ചു മാസത്തിനുശേഷം രാജസ്ഥാനിലെ കോട്ടയിലെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

പത്താം ക്ലാസ് പരീക്ഷയ്ക്കു പിന്നാലെയാണ് പെൺകുട്ടി വിനോദയാത്രയ്ക്കായി വീട്ടിൽനിന്ന് ഇറങ്ങിയത്. കാത്‌നി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനായി കാത്തിരിക്കവേ കുറച്ചു ചെറുപ്പകാർ എത്തി പെൺകുട്ടിയെ അടുത്തുള്ള പാർക്കിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെവച്ച് അവർ നൽകിയ ഭക്ഷണവും വെള്ളവും കുടിച്ച പെൺകുട്ടി പെട്ടെന്ന് ബോധരഹിതയായി.

തുടർന്ന് കണ്ണു തുറക്കുമ്പോൾ ഉജ്ജയ്നിലെ ഒരു ഹോട്ടൽ മുറിയിൽ രണ്ടു പുരുഷന്മാർക്കും ഒരു സ്ത്രീക്കുമൊപ്പമായിരുന്നു പെൺകുട്ടി. ശിശുക്ഷേമ സമിതി ചെയർപഴ്സൻ കാനിസ് ഫാത്തിമയോടാണ് പെൺകുട്ടി തന്റെ ദുരന്തം വിവരിച്ചത്. തുടർന്ന് പെൺകുട്ടിയെ 27 വയസ്സുള്ള ഒരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. വിവാഹത്തിനു ശേഷമാണ് അയാൾ രണ്ടു ലക്ഷം രൂപയ്ക്ക് തന്നെ വിലയ്ക്ക് വാങ്ങിയതാണെന്ന് പെൺകുട്ടി തിരിച്ചറിയുന്നതെന്നു ഫാത്തിമ പറഞ്ഞു.

നാലു മാസങ്ങൾക്കു ശേഷം കീടനാശിനി ഉള്ളിൽചെന്ന് അയാൾ മരിച്ചു. ഇതോടെ പെൺകുട്ടിയെ അയാളുടെ വീട്ടുകാർ കോട്ട ജില്ലയിലെ കാൻവാസ് പ്രദേശത്തുള്ള മറ്റൊരാൾക്ക് വിറ്റു. വിവാഹം ചെയ്തു നൽകുന്നു എന്ന വ്യാജേനയാണ് അയാൾക്ക് 3 ലക്ഷം രൂപയ്ക്കു വിറ്റത്. ശാരീരിക പീഡനങ്ങൾ താങ്ങാനാകാതെ വരികയും രണ്ടാം ഭർത്താവ് തന്നെ വിലയ്ക്കു വാങ്ങിയാണെന്ന് അറിയുകയും ചെയ്തതോടെ പെൺകുട്ടിയുടെ ആത്മഹത്യയ്ക്കു ശ്രമിച്ചു. എന്നാൽ അതിൽ പരാജയപ്പട്ടതോടെ അവൾ അവിടെനിന്നു രക്ഷപ്പെട്ട് കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തി.

അവിടെനിന്ന് കോട്ട സിറ്റിയിലേക്ക് ട്രെയിൻ കയറാൻ നിൽക്കവേ പെൺകുട്ടിയുടെ മോശം ശാരീരിക സ്ഥിതി കണ്ട് റെയിൽവേ പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതോടെ പെൺകുട്ടി തന്റെ അവസ്ഥ അവരോടെ വിശദീകരിച്ചു. തുടർന്ന് പൊലീസ് ചൈൽഡ് ലൈനിലും ശിശുക്ഷേമ സമിതിയിലും കാര്യങ്ങൾ അറിക്കുകയായിരുന്നെന്നും കാനിസ് ഫാത്തിമ അറിയിച്ചു. തുടർന്ന് വിവരങ്ങൾ പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചു. പെൺകുട്ടിയെ കാണാതായതിനു പിന്നാലെ അവർ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി വീട്ടുകാർ അറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാരും അവിടെനിന്നുള്ള പൊലീസും നാളെ കോട്ടയിലെത്തുമെന്ന് ഫാത്തിമ പറഞ്ഞു