ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവനെ പാക്കിസ്ഥാനിൽ അജ്ഞാതർ വെടിവച്ചു കൊന്നു

ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവനെ പാക്കിസ്ഥാനിൽ അജ്ഞാതർ വെടിവച്ചു കൊന്നു

May 6, 2023 0 By Editor

ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവനും ഭീകരവാദിയുമായ പരംജിത് സിങ് പഞ്ച്വാർ ( മാലിക് സർദാർ സിങ്)  ഇന്ന് രാവിലെ പാക്കിസ്ഥാനിലെ ലാഹോറിലെ ജോഹർ ടൗണിൽ രണ്ട് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ജോഹർ ടൗണിലെ സൺഫ്ളവർ സിറ്റിക്ക് സമീപത്തെ വീട്ടിലേക്ക് അംഗരക്ഷകരുടെ കൂടെ നടക്കുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. രാവിലെ ആറിന്  ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പരംജിത് സിങ്ങിനെ ആക്രമിച്ചത്. സംഭവത്തിൽ അംഗരക്ഷകർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലെ പഞ്ചാബിൽ നിന്നും പാകിസ്ഥാനിലെ പഞ്ച്വാർ ഗ്രാമത്തിലേക്ക് ലഹരികടത്തും ആയുധകടത്തും നടത്തിയിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട പരംജിത് സിങ്. 1986 ലാണ് പരംജിത് സിങ് ബന്ധുവായ ലഭ് സിങ്ങിന്‍റെ പ്രേരണയാൽ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിൽ അംഗത്വമെടുക്കുന്നത്. അതിന് മുൻപ് സോഹാലിലെ ഒരു സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു പരംജിത് സിങ്.

1990ൽ ഇന്ത്യൻ സുരക്ഷാ സേന ലഭ് സിങ്ങിനെ വധിച്ചതോടെ പരംജിത് സിങ്  ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിന്‍റെ നേതൃത്വം ഏറ്റെടുത്തു. ‘മോസ്റ്റ് വാണ്ടഡ് ഭീകരരുടെ’ പട്ടികയിലുള്ള പരംജിത് സിങ്ങിനെ പാകിസ്ഥാൻ സംരക്ഷിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. അതിർത്തി വഴിയുള്ള ആയുധക്കടത്തും ലഹരിക്കടത്തും ഉപയോഗിച്ചാണ് ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിന് ആവശ്യമായ ധനസമാഹരണം പരംജിത് സിങ് നടത്തിയിരുന്നത്. പരംജിത് സിങ് പാകിസ്ഥാനിൽ ഇല്ലെന്നാണ് പാക് സർക്കാർ തുടർച്ചയായി പറഞ്ഞിരുന്നത്. ലഹോറിലാണ് പരംജിത് സിങ് താമസിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ജർമ്മനിയിലേക്ക് താമസം മാറ്റിയിരുന്നു.