ഡോ. വന്ദനയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് 2ന് മുട്ടുചിറയിലെ വീട്ടുവളപ്പിൽ

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനാ ദാസിന്റെ സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ. രാത്രി 8 മണിയോടെ മുട്ടുചിറ…

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനാ ദാസിന്റെ സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ. രാത്രി 8 മണിയോടെ മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളെത്തി.

ഗതാഗത തടസ്സം പരിഹരിക്കാൻ കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെയുള്ള പ്രദേശങ്ങളിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച ശേഷമാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്.

രാത്രി 8.05ന് പട്ടാളമുക്കിനു സമീപത്തെ വീട്ടിൽ മൃതദേഹം എത്തിക്കുമ്പോൾ നാടൊന്നാകെ കാത്തുനിന്നിരുന്നു. വീടിനു മുന്നിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ കിടത്തി. മൃതദേഹം എത്തിച്ച ആംബുലൻസിൽനിന്ന് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും പുറത്തിറങ്ങിയപ്പോൾ ആശ്വസിപ്പിക്കാനായി അടുത്തെത്തിയ ബന്ധുക്കൾക്കും കരച്ചിലടക്കാനായില്ല. രാത്രി വൈകിയും അന്തിമോപചാരമർപ്പിക്കുന്നവരുടെ നീണ്ട നിര കാണാമായിരുന്നു.

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.

ഡോക്ടറെയും മറ്റുള്ളവരെയും ആക്രമിച്ച നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപിനെ (42) കോടതി റിമാൻഡ് ചെയ്തു പൂജപ്പുര ജയിലിലേക്ക് അയച്ചു. പൊലീസുകാരടക്കം കുത്തേറ്റ 5 പേർ ചികിത്സയിലാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story