സച്ചിന്റെ പേരിൽ വ്യാജ പരസ്യവുമായി ഓൺലൈനിൽ പ്രൊഡക്ട് വിൽപന; പേരും ശബ്ദവും ചിത്രങ്ങളും വ്യാജമെന്ന് താരം; മുംബൈ സൈബർ സെല്ലിൽ പരാതി
മുംബൈ; തന്റെ പേരും ശബ്ദവും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ സൃഷ്ടിച്ച് ഇന്റർനെറ്റിൽ പ്രൊഡക്ട് വിൽപനയ്ക്ക് ഉപയോഗിക്കുന്നതായി സച്ചിൻ ടെൻഡുൽക്കർ. മുംബൈ സൈബർ സെല്ലിൽ സച്ചിൻ ഇതിനെതിരെ പരാതിയും നൽകി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് ഇത്തരത്തിൽ വ്യാജമായി സൃഷ്ടിക്കുന്നതെന്നും സച്ചിൻ ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 426, 465, 500 എന്നീ വകുപ്പുകൾ അനുസരിച്ച് മുംബൈ പോലീസിന്റെ സൈബർ സെൽ കേസ് എടുത്തിട്ടുണ്ട്. പരസ്യം എടുത്തത് ആരെന്ന് മനസിലാകാത്തതിനാൽ ഇതുവരെ തിരിച്ചറിയാത്തവർക്കെതിരെയാണ് കേസ്. ഇന്റർനെറ്റിലൂടെ പ്രൊഡക്ടുകൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് പരസ്യങ്ങളെന്ന് സച്ചിൻ പരാതിയിൽ പറയുന്നു.
എന്തിനെയും കണ്ണടച്ച് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാനുളള ഉദ്ദേശ്യത്തോടെയാണ് പരസ്യങ്ങളെന്നും ആ ഉൽപ്പന്നങ്ങളുമായി സച്ചിന് ഒരു ബന്ധവും ഇല്ലെന്നും എസ്ആർടി സ്‌പോർട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. ഇത്തരം പരസ്യങ്ങൾ നൽകുന്നവരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ തുറന്നുകാട്ടുമെന്നും എസ്ആർടി സ്‌പോർട്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കി.