ഇസ്ലാമിക മതപഠനകേന്ദ്രത്തിൽ  പീഡനത്തെത്തുടർന്ന്  വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവം; ജീവനക്കാരുടെ മൊഴിയെടുത്ത് പോലീസ്

ഇസ്ലാമിക മതപഠനകേന്ദ്രത്തിൽ പീഡനത്തെത്തുടർന്ന് വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവം; ജീവനക്കാരുടെ മൊഴിയെടുത്ത് പോലീസ്

May 16, 2023 0 By Editor

ബാലരാമപുരം: ബാലരാമപുരത്തെ ഇസ്ലാമിക മതപഠനകേന്ദ്രമായ അൽ അമാൻ മദ്രസയിൽ പീഡനത്തെത്തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജീവനക്കാരുടെ മൊഴിയെടുത്ത് ബാലരാമപുരം പോലീസ്. ഖദീജത്തുൽ ഖുദ്ര വനിത അറബിക് കോളജിലെയും ഇതേ വളപ്പിലുള്ള അൽ അമാൻ മദ്രസ മതപഠനശാലയിലെയും 5 ജീവനക്കാരിൽ നിന്നും 10 വിദ്യാർഥിനികളിൽ നിന്നുമാണ് പോലീസ് മൊഴിയെടുത്തത്. ചെറിയ പെരുന്നാളിന് വീട്ടിലേക്ക് പുറപ്പെട്ടപ്പോൾ ഇനി തിരിച്ച് ഇവിടേക്ക് വരില്ലെന്ന് അസ്മിയ പറഞ്ഞെന്ന് ചില വിദ്യാർത്ഥികൾ പോലീസിനോട് പറഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇടമനക്കുഴി ഖദീജത്തുൽ ഖുദ്ര വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ബീമാപ്പള്ളി സ്വദേശി അസ്മിയമോൾ (17). ശനിയാഴ്ച വൈകീട്ടാണ് മതപഠന കേന്ദ്രത്തിൽ അസ്മിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ വ്യക്തികളാണ് കോളേജും മതപാഠശാലയും നടത്തുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇവിടെ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ.

എല്ലാ വെള്ളിയാഴ്ചകളിലും അസ്മിയ വീട്ടിലേക്ക് വിളിക്കുന്നത് പതിവായിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച അസ്മിയയുടെ ഫോൺ കോൾ വീട്ടുകാർക്ക് ലഭിച്ചില്ല. ഇതോടെ കുട്ടിയുടെ മാതാവ് മതപഠന കേന്ദ്രത്തിലേക്ക് വളിച്ചന്വേഷിച്ചു. ഇതോടെ അസ്മിയ തിരിച്ചുവിളിച്ചു. ”ഉമ്മാ, എന്നെ കൂട്ടിക്കൊണ്ടുപോകണേ” എന്ന് അസ്മിയ ആവശ്യപ്പെട്ടുവെന്നാണ് വീട്ടുകാർ പറയുന്നത്. ഒന്നരമണിക്കൂറിനുള്ളിൽ അസ്മിയയുടെ മാതാവ് അസ്മിയ പഠിക്കുന്ന സ്ഥാപനത്തിലെത്തിയെങ്കിലും മകളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മതപഠന കേന്ദ്രത്തിന്റെ അടുക്കളയോട് ചേർന്നുള്ള ഭാഗത്താണ് 17-കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് വീട്ടുകാർ. അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ മൊഴി നൽകിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. എന്നാൽ ആരോപണ വിധേയമായ കോളേജിന് ബാലരാമപുരത്തെ മുസ്ലിം ജമാഅത്തുകളുമായോ മദ്രസകളുമായോ പള്ളികളുമായോ ബന്ധമില്ലെന്നും സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നതെന്നും വിവിധ ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.

അതേസമയം അസ്മിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ് പറഞ്ഞു. തലസ്ഥാനത്തെ മദ്രസകൾ കേന്ദ്രീകരിച്ച് പീഡനം, രാജ്യ വിരുദ്ധ പ്രവർത്തനം എന്നിവ നടത്തുന്നുണ്ടെന്നും സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആത്മഹത്യ അന്വേഷിക്കണമെന്നും മരണത്തിൽ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി നാളുകളായി ഇതേ അൽ അമാൻ മദ്രസയിൽ ദുരൂഹതകൾ തുടരുന്നുണ്ട്. മദ്രസയെക്കുറിച്ച് കൃത്യമായ വിവരം നൽകാൻ അധികൃതർ തയ്യാറല്ലെന്നും പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് മറ്റന്നാൾ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.