ഒരാള്‍ പോലും എതിരു പറഞ്ഞില്ല, നിറഞ്ഞ കൈയടികളോടെയാണ് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത്: ഊര്‍മിള ഉണ്ണി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കാതെയാണ് അമ്മയുടെ ട്രഷറര്‍ കൂടി ആയിരുന്ന ദിലീപിനെ സംഘടന പേരിന് പുറത്താക്കിയത്. ഒടുവില്‍ ആ തീരുമാനത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ നിയമപരമായി ദിലീപിനെ പുറത്താക്കിയിട്ടില്ല എന്ന് ന്യായം പറഞ്ഞ് തിരിച്ച് എടുക്കുകയും ചെയ്തിരിക്കുന്നു. കൊച്ചിയില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ദിലീപ് വിഷയം ഇല്ലായിരുന്നു. ആ വിഷയം ഉന്നയിച്ചത് നടി ഊര്‍മ്മിള ഉണ്ണിയാണ് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ താന്‍ ദിലീപിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടിട്ടില്ലെന്ന് ഊര്‍മ്മിള ഉണ്ണി പറയുന്നു.
അമ്മ യോഗത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നും ഊര്‍മ്മിള ഉണ്ണി വെളിപ്പെടുത്തിയിരിക്കുന്നു: അമ്മയുടെ യോഗം അവസാനിക്കാറായ നേരത്ത് ഇനി ചോദ്യങ്ങള്‍ ബാക്കിയുണ്ടോ എന്ന് ഭാരവാഹികള്‍ എല്ലാവരോടുമായി ആരാഞ്ഞു. എന്നാല്‍ ആരും മറുപടി നല്‍കിയില്ല. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുമോ എന്ന കാര്യം അറിയാന്‍ അവിടെ കൂടിയിരിക്കുന്ന എല്ലാവര്‍ക്കും താല്‍പര്യം ഉണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും അത് എഴുന്നേറ്റ് നിന്ന് ചോദിക്കാനുള്ള ധൈര്യം ഉണ്ടായില്ല. ദിലീപിന്റെ കാര്യം ഉന്നയിക്കാന്‍ തന്നെ എല്ലാവരും ചേര്‍ന്ന് നിര്‍ബന്ധിച്ചു. ഇതേ തുടര്‍ന്ന് താന്‍ ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റ് നിന്നു.
വേദിയില്‍ കയറി വന്ന് മൈക്കില്‍ സംസാരിക്കാനാണ് തന്നോട് ഭാരവാഹികള്‍ ആവശ്യപ്പെട്ടത്. താന്‍ വേദിയില്‍ കയറി ഒരു കാര്യം മാത്രമേ ചോദിക്കുകയുണ്ടായുള്ളൂ. നമ്മുടെ സംഘടന ദിലീപിനെ തിരിച്ചെടുക്കുമോ എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംഷയുണ്ട് എന്ന കാര്യം മാത്രമാണ് താന്‍ അവിടെ പറഞ്ഞത്. എന്നാല്‍ താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു.
താന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ എഴുതി വെച്ചിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കണം എന്ന് താന്‍ അമ്മ യോഗത്തില്‍ ആവശ്യപ്പെട്ടു എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. ദിലീപ് വിഷയത്തില്‍ സംഘടനയുടെ തീരുമാനം എന്താണ് എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംഷയുണ്ട് എന്ന് താന്‍ വേദിയില്‍ കയറി പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയടികളാണ് ലഭിച്ചത്.
ദിലീപിന്റെ കാര്യത്തില്‍ വൈകിട്ട് ചേരുന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ തീരുമാനമെടുക്കും എന്നാണ് അപ്പോള്‍ ഭാരവാഹികള്‍ അറിയിച്ചത്. ദിലീപിനെ തിരിച്ചെടുക്കുന്നതിനോട് ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടോയെന്ന ചോദ്യത്തിന് ഒരാള്‍ പോലും എതിര് പറഞ്ഞില്ല. അതേസമയം ദിലീപിനെ തിരിച്ചെടുക്കണോ എന്ന ചോദ്യത്തിന് നിറഞ്ഞ കയ്യടികളാണ് അമ്മ അംഗങ്ങളില്‍ നിന്നും ലഭിച്ചത്.
ദിലീപിനെ തിരിച്ചെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രതികരണങ്ങള്‍ വന്ന് തുടങ്ങി. ആ യോഗത്തിന്റെ വീഡിയോ ആരും എടുത്തിരുന്നില്ല. അതുണ്ടായിരുന്നുവെങ്കില്‍ സംഭവിച്ചത് എന്തെന്ന് കൂടുതല്‍ വ്യക്തമാകുമായിരുന്നു. ദിലീപിന്റെ വിഷയമല്ലാതെ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ആരും ചര്‍ച്ച ചെയ്തില്ല. ആ കുട്ടിയുടെ പേര് പോലും ആരും പറഞ്ഞില്ല.
ആ കുട്ടി ഇപ്പോള്‍ വിവാഹം കഴിഞ്ഞ് നല്ല ജീവിതം നയിക്കുന്നതിനാല്‍ അവരെ എന്തിന് ശല്യപ്പെടുത്തണം എന്ന് കരുതിയിട്ടാവണം എല്ലാവരും മൗനം പാലിച്ചത്. അത് മാത്രമല്ല ആ നടിയെ ആരും പുറത്താക്കിയിട്ടുമില്ലല്ലോ. കേസിന്റെ കാര്യങ്ങളൊക്ക നടക്കുന്നത് കൊണ്ട് കൂടിയാവണം ആ വിഷയം അമ്മ യോഗത്തില്‍ ആരും സംസാരിച്ചില്ലെന്നും ഊര്‍മ്മിള ഉണ്ണി പറയുന്നു.
നടിയെക്കുറിച്ച് മാത്രമല്ല, വിമന്‍ ഇന്‍ സിനിമ കല്ക്ടീവിനെ കുറിച്ചും ഒന്നും സംസാരിച്ചില്ല. നേരത്തെ ഡബ്ല്യൂസിസി രൂപീകരിക്കപ്പെട്ടപ്പോള്‍ അന്നത്തെ പ്രസിഡണ്ടായ ഇന്നസെന്റ് സംഘടനയ്ക്ക് അമ്മയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതൊരു തെറ്റായ സംഘടന അല്ല. അമ്മയില്‍ നിന്നും പിരിഞ്ഞ് പോയി രൂപീകരിച്ചതുമല്ല. സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അല്ലാതെ വെറുതെ ഒരു വഴക്ക് ഉണ്ടാക്കാന്‍ ഒരു പാര്‍വ്വതിയും ഒരു മഞ്ജു വാര്യരും ശ്രമിച്ചിട്ടില്ലെന്നും ഊര്‍മ്മിള ഉണ്ണി പറഞ്ഞു.