2000 രൂപ നോട്ടുമായി ഇനി കുപ്പി വാങ്ങാന്‍ പോകേണ്ട! ബിവ്‌കോ ഔട്ട്ലെറ്റുകളിൽ ‘2000’ത്തിന് വിലക്ക്
തിരുവനന്തപുരം: ബിവ്‌കോ ഔട്‌ലെറ്റുകളിൽ 2000 രൂപയുടെ നോട്ടുകൾക്ക് വിലക്ക്. ബിവ്‌കോ ജനറൽ മാനേജർ (ഓപ്പറേഷൻസ്) സർക്കുലറിലൂടെ എല്ലാ റീജിയണൽ, വെയർഹൗസ് മാനേജർമാർക്കും ഇതു സംബന്ധിച്ച നിർദേശം നൽകി. 2000 രൂപയുടെ നോട്ട് ഇനി മുതൽ സ്വീകരിക്കരുതെന്നാണ് നിർദേശം. 2000 രൂപ നോട്ട് സ്വീകരിച്ചാൽ അതാതു മാനേജർമാർക്കായിരിക്കും ഉത്തരവാദിത്തമെന്നും സർക്കുലറിൽ പറയുന്നു.
2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് (ആർബിഐ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിവ്‌കോയുടെ നടപടി. അതേസമയം, നിലവിൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾക്ക് തുടർന്നും മൂല്യമുണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചിരുന്നു. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബിവ്‌കോ ഔട്‌ലെറ്റുകളിൽ 2000ന്റെ നോട്ട് വിലക്കിയത്.