എട്ടുമാസത്തെ തടവിന് ശേഷം മോചനം; നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികളടക്കമുളളവരെ മോചിപ്പിച്ചു

എട്ടുമാസത്തെ തടവിന് ശേഷം മോചനം; നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികളടക്കമുളളവരെ മോചിപ്പിച്ചു

May 28, 2023 0 By Editor

കൊച്ചി: നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം. എറണാകുളം കടവന്ത്ര സ്വദേശി സനു ജോസും മോചിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ടാഴ്ചയ്കക്കം നാട്ടില്‍ തിരികെയെത്തുമെന്ന് സനു ജോസ് അറിയിച്ചു. പിടിയിലായതിന് എട്ട് മാസത്തിന് ശേഷമാണ് നാവികര്‍ മോചിതരാകുന്നത്. കപ്പലും ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകളും നൈജീരിന്‍ നാവികസേന വിട്ടുനല്‍കി.

അസംസ്‌കൃത എണ്ണമോഷണം, സമുദ്രാതിര്‍ത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ആഗസ്റ്റിലാണ് നൈജീരിയന്‍ നാവിക സേന എം ടി ഹീറോയിക് ഇദുന്‍ എന്ന കപ്പല്‍ പിടിച്ചെടുക്കുകയും ജീവനക്കാരെ തടവിലാക്കുകയും ചെയ്തത്.

കൊല്ലം നിലമേലില്‍ ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത്, മില്‍ട്ടണ്‍, സനു ജോസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികള്‍. ഹീറോയിക് ഇദുന്‍ കപ്പലിലെ ചീഫ് ഓഫീസറാണ് സനു ജോസ്. 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാരായിരുന്നു പിടിച്ചെടുക്കുമ്പോള്‍ കപ്പിലിലുണ്ടായിരുന്നത്. ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവര്‍.

കപ്പല്‍ തുറമുഖത്തോട് അടുപ്പിക്കാന്‍ അനുമതി കാത്തിരിക്കുന്നതിനിടെ നാവിക സേനയെത്തി കപ്പല്‍ പിടിച്ചെടുക്കുകയും നാവികരെ തടവിലാക്കുകയുമായിരുന്നു. രാജ്യാതിര്‍ത്തി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 20 ലക്ഷം യു എസ് ഡോളറും പിഴ ചുമത്തിയിരുന്നു.