പൂഞ്ഞാറിൽ ജനപക്ഷത്തിന് തിരിച്ചടി; 4 വാര്‍ഡുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്, മൂന്നെണ്ണം പിടിച്ച് യുഡിഎഫ്‌

പൂഞ്ഞാറിൽ ജനപക്ഷത്തിന് തിരിച്ചടി; 4 വാര്‍ഡുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്, മൂന്നെണ്ണം പിടിച്ച് യുഡിഎഫ്‌

May 31, 2023 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഏഴു സീറ്റുകൾ നേടി. നാലു വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ മൂന്നു സീറ്റുകൾ യുഡിഎഫും പിടിച്ചെടുത്തു. കോട്ടയം പൂഞ്ഞാർ പഞ്ചായത്തിലെ പെരുന്നിലത്ത് ജനപക്ഷത്തിന്റെ സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. ഇതിനു പുറമേ കോഴിക്കോട് പുതുപ്പാട് കണലാട് വാർഡ്, എറണാകുളം നെല്ലിക്കുഴി ആറാം വാർഡ്, അഞ്ചൽ തഴമേൽ,പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാർഡ് എന്നിവ എൽഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട മൈലപ്ര 5–ാം വാർഡ് എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

ജില്ല, തദ്ദേശ സ്ഥാപനം, വിജയിച്ചവർ എന്നീ ക്രമത്തിൽ

∙ തിരുവനന്തപുരം- തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ മുട്ടട (എൽഡിഎഫ്)
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനാറ (യുഡിഎഫ്)

∙ കൊല്ലം– അഞ്ചൽ ഗ്രാമപഞ്ചായത്തിലെ തഴമേൽ (എൽഡിഎഫ്)

∙ പത്തനംതിട്ട– മൈലപ്ര ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് വാർഡ് (യുഡിഎഫ്)

∙ ആലപ്പുഴ– ചേർത്തല മുനിസിപ്പൽ കൗൺസിലിലെ മുനിസിപ്പൽ ഓഫിസ് വാർഡ് ( സ്വതന്ത്രൻ)

∙ കോട്ടയം– കോട്ടയം മുനിസിപ്പൽ കൗൺസിലിലെ പുത്തൻതോട് (യുഡിഎഫ്)
മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട (എൽഡിഎഫ്), പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പെരുന്നിലം (എൽഡിഎഫ്)

∙ എറണാകുളം-നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശ്ശേരിക്കവല (എൽഡിഎഫ്)

∙ പാലക്കാട്-പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബമ്മണ്ണൂർ (സ്വതന്ത്രൻ)
മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പള്ളം (സ്വതന്ത്രൻ)

ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ അകലൂർ ഈസ്റ്റ് (സ്വതന്ത്രൻ)
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല (ബിജെപി), കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം (യുഡിഎഫ്)

∙ കോഴിക്കോട്- ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗൺ (യുഡിഎഫ്)
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട് (എൽഡിഎഫ്)
വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം (എൽഡിഎഫ്)

∙ കണ്ണൂർ – കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ പള്ളിപ്രം (യുഡിഎഫ്)
ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി (യുഡിഎഫ്)

വിവിധ ജില്ലകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി:

കോട്ടയം

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് രണ്ടു സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലും ജയം. പൂഞ്ഞാർ പഞ്ചായത്തിൽ ജനപക്ഷത്തിന്റെ കയ്യിലുണ്ടായിരുന്ന സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. കോട്ടയം നഗരസഭയിൽ സീറ്റ് നിലനിർത്തിയതോടെ ഭരണം നഷ്ടപ്പെടുമോ എന്ന ആശങ്കയ്ക്കു ഇതോടെ താൽക്കാലിക പരിഹാരമായി. പൂഞ്ഞാർ പഞ്ചായത്തിലെ പെരുന്നിലം വാർഡിൽ എൽഡിഎഫിലെ ബിന്ദു അശോകൻ 12 വോട്ടിന് ജയിച്ചു. ബിന്ദു അശോകന് 264ഉം കോൺഗ്രസിലെ മഞ്ജു ജയ്മോന് 252 വോട്ടും ലഭിച്ചു. പി.സി.ജോർജിന്റെ ജനപക്ഷത്തിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. ബിജെപി പിന്തുണയോടെ മത്സരിച്ച ജനപക്ഷം സ്ഥാനാർഥി ശാന്തി ജോസിന് 239 വോട്ടു മാത്രമാണു ലഭിച്ചത്.

കോട്ടയം നഗരസഭ പുത്തൻതോട് വാർഡിൽ യുഡിഎഫിലെ സൂസൻ കെ.സേവ്യർ 75 വോട്ടുകൾക്കു വിജയിച്ചു. എൽഡിഎഫിലെ സുകന്യ സന്തോഷ് 521ഉം ബിജെപിയിലെ ആൻസി സ്റ്റീഫൻ 312 വോട്ടു നേടി. നഗരസഭയിൽ യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമാണുള്ളത്. മണിമല പഞ്ചായത്ത് മുക്കട വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി സുജ ബാബു യുഡിഎഫിന്റെ പ്രയ്സ് ജോസഫ് ഏബ്രഹാമിനെ 127 വോട്ടുകൾക്കു പരാജയപ്പെടുത്തി.

തിരുവനന്തപുരം

കിളിമാനൂരിനു സമീപം പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കാനറ വാർഡ് കോൺഗ്രസ് നിലനിർത്തി. കോ‍ൺഗ്രസിലെ എ.അപർണ 12 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എതിരാളിയായ സിപിഎമ്മിലെ വി.എൽ.രേവതി 548 വോട്ട് നേടിയപ്പോൾ അപർണയ്ക്ക് 560 വോട്ടാണു ലഭിച്ചത്. പഞ്ചായത്ത് അംഗമായിരുന്ന കോൺഗ്രസിലെ എസ്.ശ്രീലതയുടെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2020ൽ ശ്രീലതയുടെ വിജയം 6 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു.

തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ അജിത് രവീന്ദ്രൻ 203 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അജിത് രവീന്ദ്രന് 1228 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസിലെ ആർ.ലാലൻ 1025 വോട്ടുകൾ നേടി. സിപിഎമ്മിലെ ടി.പി.റിനോയിയുടെ മരണത്തെ തുടർന്നാണു ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

പാലക്കാട്

ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിൽ മൂന്നെണ്ണത്തിൽ യുഡിഎഫും ഒന്നിൽ എൽഡിഎഫും വിജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. മുതലമടപഞ്ചായത്തിലെ പറയംമ്പള്ളം, കരിമ്പയിലെ കപ്പടം പെരിങ്ങേ‍ാട്ട് കുറുശി പഞ്ചായത്തിലെ ബമ്മണ്ണൂർ വാർഡിലുമാണ് യുഡിഎഫ് വിജയിച്ചത്. മുതലമടയിൽ കഴിഞ്ഞതവണ സിപിഎം വിജയിച്ച സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. ലക്കിടി–പേരൂരിൽ  അകലൂർ ഈസ്റ്റ് വാർഡ് എൽഡിഫ് നിലനിർത്തി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മൂന്നാംവാർഡായ കല്ലമല വാർഡ് സിപിഐയിൽ നിന്ന് പിടിച്ചെടുത്താണ് ബിജെപിയുടെ അട്ടിമറി വിജയം.

ലക്കിടി പേരൂർ പഞ്ചായത്തിലെ പത്താം വാർഡായ അകലൂർ ഈസ്റ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രൻ വിജയിച്ചു. ടി. മണികണ്ഠൻ 237 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെ പി സ്ഥാനാർഥിയായ എം. വിശ്വനാഥൻ 331 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫ് സ്ഥാനാർഥിയായ യു.പി. രവിക്ക് 220 വോട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി വിജയിച്ച കെ.ഗോവിന്ദൻകുട്ടിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്.

മുതലമട പഞ്ചായത്തിലെ പറയമ്പള്ളം വാർഡ് സിപിഎമ്മിൽ നിന്നും യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രൻ പിടിച്ചെടുത്തു.  124 വോട്ടിനാണ് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രൻ ബി.മണികണ്ഠൻ വിജയിച്ചത്. കഴിഞ്ഞ തവണ സിപിഎം 4 വോട്ടിനു ജയിച്ച വാർഡാണ്. ബിജെപിക്കായിരുന്നു അന്നു രണ്ടാം സ്ഥാനം. സിപിഎം പ്രതിനിധി പിന്നീട് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നു രാജിവച്ചു. യുഡിഎഫ് പിന്തുണ സ്വത: ബി.മണികണ്ഠൻ 723 എൽഡിഎഫ്: എ.മുഹമ്മദ് മൂസ : 599 എൻഡിഎ പി.ഹരിദാസ്: 69

കണ്ണൂർ

ജില്ലയിൽ രണ്ടു തദ്ദേശ വാർഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിനു ജയം. ഒരു വാർഡ് സിപിഎമ്മിൽനിന്നു പിടിച്ചെടുക്കുകയായിരുന്നു. ചെറുതാഴം പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന കക്കോണി വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ സിപിഎം സ്ഥാനാർഥി ഒരു വോട്ടിനു ജയിച്ച ഇവിടെ 80 വോട്ടുകൾക്കാണ് യുഡിഎഫ് ജയം. കോൺഗ്രസ് സ്ഥാനാർഥി യു.രാമചന്ദ്രൻ 80 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ സി. കരുണാകരനെ തോൽപിച്ചത്.

പ്രതിപക്ഷമില്ലാതെ എൽഡിഎഫ് ഭരിച്ച ചെറുതാഴം പഞ്ചായത്തിൽ ഇതോടെ പ്രതിപക്ഷ സാന്നിധ്യമായി. യുഡിഎഫിലെ യു.രാമചന്ദ്രന് 589 വോട്ടും എൽഡിഎഫിലെ സി.കരുണാകരന് 509 വോട്ടും ലഭിച്ചു. സിപിഎം അംഗമായിരുന്ന കെ.കൃഷ്ണന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 17 വാർഡുകളിൽ 16 വാർഡുകൾ സിപിഎമ്മിനും ഒരു വാർഡ് സിപിഐക്കും എന്നതായിരുന്നു നേരത്തേയുള്ള നില. ഇപ്പോൾ എൽഡിഎഫ് 16, യുഡിഎഫ് 1 എന്നായി സീറ്റ് നില.

കണ്ണൂർ കോർപറേഷൻ പള്ളിപ്രം ഡിവിഷൻ യുഡിഎഫ് നിലനിർത്തി. 1015 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ എ.ഉമൈബ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 314 വോട്ട് യുഡിഎഫിന് അധികം ലഭിച്ചു. എ.ഉമൈബയ്ക്ക് 2006 വോട്ട് ലഭിച്ചപ്പോൾ 991 വോട്ട് ആണ് എൽഡിഎഫ് സ്ഥാനാർഥി റുക്സാനയ്ക്ക് ലഭിച്ചത്. ബിജെപി സ്ഥാനാർഥി ശ്രദ്ധ രാഘവന് 171 വോട്ടും ലഭിച്ചു. കോർപറേഷൻ ഭരണം യുഡിഎഫിനാണ്. പള്ളിപ്രം ഡിവിഷൻ കൗൺസിലറായിരുന്ന ഡോ.പി.കെ.സുമയ്യ കൗൺസിലർ സ്ഥാനം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പത്തനംതിട്ട

മൈലപ്ര 5–ാം വാർഡിൽ നടന്ന ഉപതിരഞ്ഞടുപ്പിൽ എൽഡിഎഫിന്റെ സീറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ ജെസ്സി വർഗീസ് 76 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടർന്നായിരുന്നു വോട്ടെടുപ്പ്. ജയത്തോടെ പഞ്ചായത്തിലെ കക്ഷിനില യുഡിഎഫ്– 6, എൽഡിഎഫ്– 5, ബിജെപി–1, സ്വതന്ത്രൻ–1 എന്ന നിലയിലായി. യുഡിഎഫ് വിമതനായി മത്സരിച്ചു ജയിച്ച ആളാണു സ്വതന്ത്രൻ.

കൊല്ലം 

അഞ്ചൽ തഴമേൽ വാർഡ് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി സോമരാജൻ 264 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപി സ്ഥാനാർഥി 372 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി 262 വോട്ടുകളുമാണ് നേടിയത്.

ആലപ്പുഴ

ചേർത്തല നഗരസഭ 11–ാംവാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എ.അജി 310 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപി സ്ഥാനാർഥി അഡ്വ.പ്രേംകുമാർ കാർത്തികേയൻ 278 വോട്ടുകൾ നേടി രണ്ടാംസ്ഥാനത്താണ്. യുഡിഎഫ് സ്ഥാനാർഥി കെ.ആർ. രൂപേഷ് 173 വോട്ടുകൾ നേടി മൂന്നാംസ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു.

1301 വോട്ടുകളുള്ള വാർഡ‍ിൽ 1039 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. കഴിഞ്ഞ തവണ ഇടതു സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച എം. ജയശങ്കർ 368 വോട്ടുനേടിയിരുന്നു. യുഡിഎഫ് സ്ഥാനാർഥി 320 വോട്ടും ബിജെപി സ്ഥാനാർഥി 265 വോട്ടുകളും നേടിയിരുന്നു. 48 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ എം.ജയശങ്കർ വിജയിച്ചത്. എം.ജയശങ്കറിന്റെ മരണത്തോടെയാണ് വാർഡിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടത്തിയത്. നഗരസഭയിൽ 35 സീറ്റുകളിൽരണ്ടു എൽഡിഎഫ് സ്വതന്ത്രരെയും ചേർത്ത് 22  എൽഡിഎഫും യുഡിഎഫ് 10, ബിജെപി 3 എന്നിങ്ങനെയാണ് കക്ഷിനില..

എറണാകുളം

ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന ഏക വാർഡിൽ എൽഡിഎഫിനു വിജയം. നെല്ലിക്കുഴി പഞ്ചായത്ത്‌ ആറാം വാർഡ് (തുളുശേരികവല) എൽഡിഎഫ് പിടിച്ചെടുത്തതു ബിജെപിയിൽ നിന്ന്.  99 വോട്ടിനാണു സിപിഎമ്മിലെ അരുൺ സി. ഗോവിന്ദിന്റെ വിജയം.

സംസ്ഥാനത്ത് നടന്ന 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 76.51 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. 11,457 പുരുഷന്മാരും 13,047 സ്ത്രീകളും ഉൾപ്പെടെ ആകെ 24,504 വോട്ടർമാരാണ് വോട്ട് ചെയ്തത്. ഒൻപത് ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.