വ്യാജ എക്‌സ്പീരിയൻസ് സർട്ടഫിക്കറ്റ്;മുൻകൂർ ജാമ്യം തേടി വിദ്യ ഹൈക്കോടതിയിൽ

വ്യാജ എക്‌സ്പീരിയൻസ് സർട്ടഫിക്കറ്റ്;മുൻകൂർ ജാമ്യം തേടി വിദ്യ ഹൈക്കോടതിയിൽ

June 11, 2023 0 By Editor

കൊച്ചി: ഗസ്റ്റ് ലക്ചറർ തസ്തികയിൽ ജോലിക്കായി മഹാരാജാസ് കോളജിന്റെ പേരിൽ
വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. വെളളിയാഴ്ച രഹസ്യമായിട്ടാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിദ്യയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുളളത്. വിദ്യയുടെ കാസർകോഡ് തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. വിദ്യ ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. താൻ നിരപരാധിയാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുളള കളളക്കേസാണിതെന്നും ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നു.

വിദ്യ ഗസ്റ്റ് ലക്ചറർ ആയി അപേക്ഷ നൽകിയ പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളജിലെയും കാസർകോഡ് നീലേശ്വരം കരിന്തളം ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളജിലെയും പ്രിൻസിപ്പൽമാർ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. വിദ്യയെ കണ്ടെത്താൻ പോലീസ് സൈബർ സെല്ലിന്റെ സഹായവും തേടിയിരുന്നു.

മഹാരാജാസ് കോളജിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് വിദ്യ. ഇതിന് ശേഷം കാലടി സംസ്‌കൃത കോളജിൽ നിന്ന് എംഫിൽ ചെയ്തിരുന്നു. എന്നാൽ 2018-19 വർഷത്തിലും 2020-21 വർഷവും മഹാരാജാസ് കോളജിൽ മലയാളം ഡിപ്പാർട്ട്‌മെന്റിൽ ഗസ്റ്റ് ലക്ചറർ ആയി പ്രവർത്തിച്ചുവെന്ന് കാണിച്ചാണ് വിദ്യ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത്.

അട്ടപ്പാടി ഗവൺമെന്റ് കോളജിലെ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് ജോലിക്കായി അപേക്ഷിച്ചപ്പോഴാണ് സർട്ടിഫിക്കറ്റ് നൽകിയത്. സർട്ടിഫിക്കേറ്റുകളുടെ ആധികാരികത പരിശോധനയ്ക്കായി മഹാരാജാസ് കോളജിലേക്ക് അയച്ചതോടെ കളളം പൊളിയുകയായിരുന്നു.