ആശങ്കയിൽ കേരളം: ജീവനെടുത്ത് ഡെങ്കിപ്പനിയും എലിപ്പനിയും; ഇന്ന് 6 മരണം
സംസ്ഥാനത്ത് ബുധനാഴ്ച പനി ബാധിച്ച് ആറു പേർ മരിച്ചു. കൊല്ലം ജില്ലയിൽ നാലുപേരാണ് മരിച്ചത്. ഇതിൽ മൂന്നുപേരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ആയൂർ, കൊട്ടാരക്കര, ചവറ എന്നിവിടങ്ങളിലാണ്…
സംസ്ഥാനത്ത് ബുധനാഴ്ച പനി ബാധിച്ച് ആറു പേർ മരിച്ചു. കൊല്ലം ജില്ലയിൽ നാലുപേരാണ് മരിച്ചത്. ഇതിൽ മൂന്നുപേരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ആയൂർ, കൊട്ടാരക്കര, ചവറ എന്നിവിടങ്ങളിലാണ്…
സംസ്ഥാനത്ത് ബുധനാഴ്ച പനി ബാധിച്ച് ആറു പേർ മരിച്ചു. കൊല്ലം ജില്ലയിൽ നാലുപേരാണ് മരിച്ചത്. ഇതിൽ മൂന്നുപേരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ആയൂർ, കൊട്ടാരക്കര, ചവറ എന്നിവിടങ്ങളിലാണ് ഡെങ്കി മരണം. ബഷീർ (74), കൊച്ചുകുഞ്ഞ് ജോൺ (70), ചവറ സ്വദേശി അരുൺ കൃഷ്ണ(33), പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി അഖില എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ ഐടിഐ വിദ്യാർഥി സമദ് (18), കൊല്ലം ചാത്തന്നൂർ സെന്റ് ജോർജ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി അഭിജിത് എന്നിവരാണു പനി ബാധിച്ചു മരിച്ച മറ്റുള്ളവർ.
പനി ബാധിച്ച് മൂന്നു ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അഭിജിത്തിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ ഇരിക്കെയാണ് മരണം. ഈ മാസം ഇതുവരെ സാംക്രമിക രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 38 ആയി. ഇതിൽ 22 മരണവും ഡെങ്കിപ്പനി മൂലമാണ്. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് ഏറ്റവുംകൂടുതൽ ജീവനെടുക്കുന്നത്.
ചൊവ്വാഴ്ച മാത്രം 133 പേരാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 298 പേരും ചികിത്സ തേടി. ഇന്നലെ മാത്രം ഏഴുപേർ എലിപ്പനി സ്ഥിരീകരിച്ച് ചികിത്സ തേടിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 10 പേർ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി.
ചൊവ്വ വരെയുള്ള കണക്കുകൾ പ്രകാരം ഈ മാസം1168 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 3395 പേർ ഇതുവരെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 16 പേർ സംസ്ഥാനത്ത് മരിച്ചെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ മരണങ്ങൾ കൂട്ടാതെയുള്ള കണക്കാണിത്. കൂടാതെ രണ്ടു മരണം ഡെങ്കിപ്പനി ബാധിച്ചുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തു.
എലിപ്പനി ബാധിച്ച് എട്ടുപേരാണ് ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഈ മാസം മരിച്ചിട്ടുള്ളത്. ഇതുകൂടാതെ മൂന്നുപേർ എലിപ്പനി ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചിട്ടുമുണ്ട്. 1,74,222 പേരാണ് ചൊവ്വ വൈകിട്ടുവരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ കണക്കുകൾ ലഭ്യമല്ല.
ചൊവ്വാഴ്ച മലപ്പുറം ജില്ലയിൽ മാത്രം 2095 പേരാണ് പനിക്ക് ചികിത്സ തേടിയത്. 1529 പേർ കോഴിക്കോട് ചികിത്സ തേടി. എറണാകുളം – 1217, തിരുവനന്തപുരം – 1156. ആകെ 12,876 പേർ ഇന്നലെ മാത്രം സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കു മുൻപു വരെ ദിവസവും സംസ്ഥാനത്ത് 5,000 പേർ വരെ മാത്രമായിരുന്നു പനിക്ക് ചികിത്സ തേടിയിരുന്നത്. ഇപ്പോൾ ഇത് പ്രതിദിനം 12,000നു മുകളിലേക്ക് ഉയരുകയാണ്.
പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പ് മോണിറ്ററിങ് സെൽ ആരംഭിച്ചു. പനി പ്രതിരോധ നടപടിക്ക് സ്വകാര്യ മേഖലയുടെ പങ്കാളിത്തവും തേടിയിട്ടുണ്ട്.