Begin typing your search above and press return to search.
വ്യാജരേഖ കേസില്‍ വീണ്ടും അറസ്റ്റിലായ കെ വിദ്യക്ക് ജാമ്യം: പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ല
കാസര്‍കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലിക്ക് ശ്രമിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്ക് ജാമ്യം. നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹോസ്ദുര്‍ഗ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കെ വിദ്യയെ ഇന്ന് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ മാസം 30ന് കോടതിയില്‍ ഹാജരാകണം. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണ് അറസ്റ്റ്. അഗളി പൊലീസിന് നല്‍കിയ മൊഴി ചോദ്യം ചെയ്യലില്‍ വിദ്യ ആവര്‍ത്തിച്ചു. രാവിലെ പതിനൊന്നരയോടെയാണ് അഭിഭാഷകനൊപ്പം വിദ്യ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോണ് തകരാറായതിനെ തുടര്ന്ന് ഉപേക്ഷിച്ചുവെന്നുമാണ് വിദ്യ നീലേശ്വരം പൊലീസിന് മൊഴി നല്കിയത്. വ്യാജരേഖ ഉണ്ടാക്കിയത് ആരുടെയും സഹായമില്ലാതെയാണ്. ഇതിന്റെ ഒറിജിനല് നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചു. കരിന്തളം കോളേജില് സമര്പ്പിച്ച അതെ വ്യാജ രേഖ തന്നെയാണ് വിദ്യ അട്ടപ്പാടിയിലും നല്കിയത്.
Next Story