പുനഃസംഘടനയ്ക്ക് സാധ്യത: സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ എത്തിയേക്കും
തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചാവിഷയമായെന്നകാര്യം പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രമന്ത്രിമാരില്‍ ചിലരെ പാര്‍ട്ടി ചുമതലകളിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. അതിനിടെയാണ് സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്. അതിനിടെ അദ്ദേഹം തൃശ്ശൂരില്‍നിന്നുതന്നെ വീണ്ടും മത്സരിച്ചേക്കുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിടുന്ന വെല്ലുവിളികള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. യോഗത്തിലെ ജെ.പി നഡ്ഡയുടെ സാന്നിധ്യമാണ് പാര്‍ട്ടിയിലും പുനഃസംഘടന ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. സംസ്ഥാന നേതൃത്വങ്ങളിലടക്കം മാറ്റമുണ്ടായേക്കുമെന്ന സൂചനയുണ്ട്. ഏക സിവില്‍ കോഡിനെക്കുറിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നടത്തിയ പരാമര്‍ശം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന വിലയിരുത്തലുകളുണ്ട്. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.