ഓപ്പറേഷൻ തിയറ്ററിൽ ഹിജാബിനു പകരം കൈയ്യും തലയും മൂടുന്ന വസ്ത്രം; പിന്തുണയ്ക്കാതെ ഐഎംഎ
തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിൽ കൈയ്യും തലയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ 7 വിദ്യാർഥികളുടെ ആവശ്യത്തോട് വിയോജിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രോഗികളുടെ സുരക്ഷയ്ക്കാണ് ഓപ്പറേഷൻ തിയറ്ററിൽ മുൻഗണനയെന്നും ഇതിനായി രാജ്യാന്തരതലത്തിൽ മാനദണ്ഡങ്ങളുണ്ടെന്നും ഐഎംഎ കേരള ഘടകം വ്യക്തമാക്കി.
‘ലോകത്ത് എല്ലായിടത്തും ഓപ്പറേഷൻ തിയറ്ററുകളിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി രോഗിയാണ്. രോഗിയുടെ സുരക്ഷിതത്വത്തിന്, അവർക്ക് അണുബാധ വരാതിരിക്കാൻ പ്രത്യേക പ്രോട്ടോകോൾ ലോകത്തെല്ലായിടത്തും ഉണ്ട്. അത് കാത്തു സൂക്ഷിച്ചു മുന്നോട്ടുപോകണം എന്നാണ് ഐഎംഎയുടെ അഭിപ്രായം’–ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹു പറഞ്ഞു.
ഓപറേഷന്‍ തിയറ്ററിനുള്ളില്‍ ഹിജാബിന് പകരമായി നീളമുള്ള കൈകളോട് കൂടിയ സ്‌ക്രബ് ജാക്കറ്റുകളും തലമറയ്ക്കാൻ സര്‍ജിക്കല്‍ ഹുഡും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴു എംബിബിഎസ് വിദ്യാര്‍ഥികള്‍ പ്രിൻസിപ്പലിനു കത്തു നൽകിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ പ്രിൻസിപ്പൽ സർജൻമാരുടെയും അണുബാധ നിയന്ത്രണ വിദഗ്ധരുടെയും യോഗം വിളിച്ചു. രോഗിയുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അതനുസരിച്ച് തീരുമാനമെടുക്കുമെന്നും അധികൃതർ പറഞ്ഞു.
ഓപ്പറേഷൻ തിയറ്ററിൽ തല മറയ്ക്കാൻ അനുവദിക്കുന്നില്ലെന്ന് വിദ്യാർഥികളുടെ കത്തിൽ പറയുന്നു. ഹിജാബ് ധരിക്കേണ്ടത് മതപരമായി നിർബന്ധമുള്ള കാര്യമാണ്. മതപരമായ വിശ്വാസവും ആശുപത്രിയിലെ ഓപ്പറേഷൻ മുറിയിലെ നിയന്ത്രണങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യാൻ പ്രയാസം നേരിടുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.