ഷൂട്ടൗട്ടിൽ കുവൈത്തിനെ വീഴ്ത്തി ഇന്ത്യ ; സാഫ് കപ്പ് ഫുട്ബോളിൽ ഒൻപതാം കിരീടം
പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കുവൈത്തിനെ വീഴ്ത്തി സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ജേതാക്കൾ. ആവേശകരമായ മത്സരത്തിൽ 5–4നാണ് ഇന്ത്യയുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്തും അധിക…
പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കുവൈത്തിനെ വീഴ്ത്തി സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ജേതാക്കൾ. ആവേശകരമായ മത്സരത്തിൽ 5–4നാണ് ഇന്ത്യയുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്തും അധിക…
പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കുവൈത്തിനെ വീഴ്ത്തി സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ജേതാക്കൾ. ആവേശകരമായ മത്സരത്തിൽ 5–4നാണ് ഇന്ത്യയുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിലെ സഡൻഡെത്തിൽ കുവൈത്ത് താരം ഖാലിദ് ഇബ്രാഹിമിന്റെ ഷോട്ട് രക്ഷപ്പെടുത്തി ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്.
നിശ്ചിത സമയത്ത് ഷബൈബ് അൽ ഖൽദി 14–ാം മിനിറ്റിൽ നേടിയ ഗോളിലൂടെ കുവൈത്താണ് ലീഡെടുത്തത്. ഇന്ത്യയ്ക്കായി മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ പാസിൽനിന്ന് ലാലിയൻസുവാല ചാങ്തെ 38–ാം മിനിറ്റിൽ ഗോൾ മടക്കി. 1993, 1997, 1999, 2005, 2009, 2011, 2015, 2021 വർഷങ്ങളിലാണ് ഇന്ത്യ മുൻപ് സാഫ് കപ്പ് ജേതാക്കളായത്.
ഷൂട്ടൗട്ടിൽ ഇന്ത്യയ്‌ക്കായി കിക്കെടുത്ത സുനിൽ ഛേത്രി, സന്ദേശ് ജിങ്കാൻ, ലാലിയൻസുവാല ചാങ്തെ, സുഭാശിഷ് ബോസ് എന്നിവർ ലക്ഷ്യം കണ്ടു. നാലാമത്തെ കിക്കെടുത്ത ഉദാന്ത സിങ്ങിന്റെ ഷോട്ട് പുറത്തുപോയി. കുവൈത്ത് നിരയിൽ ആദ്യ കിക്കെടുത്ത മുഹമ്മദ് ദഹത്തിന്റെ ഷോട്ട് ക്രോസ് ബാറിൽത്തട്ടി തെറിച്ചപ്പോൾ, സഡൻ ഡെത്തിൽ കിക്കെടുത്ത ഖാലിദ് ഇബ്രാഹിമിന്റെ ഷോട്ട് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു രക്ഷപ്പെടുത്തി. ഫവാസ് അൽ ഒട്ടയ്ബി, അഹമ്മദ് അൽ ദെഫിറി, അബ്ദുൽ അസീസ് നാജി, ഷബൈബ് അൽ ഖാൽദി എന്നിവർ ലക്ഷ്യം കണ്ടു.
ഭുവനേശ്വറിൽ കഴിഞ്ഞമാസം നടന്ന ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോളിൽ ലബനനെ തോൽപിച്ച് കിരീടം നേടിയ ഇന്ത്യൻ സംഘത്തിന് ഇരട്ടി മധുരമാണ് ഈ വിജയം. ഫിഫ റാങ്കിങ്ങിൽ 100–ാം സ്ഥാനത്തെത്തിയ ഇന്ത്യയ്ക്ക് ഈ വിജയത്തോടെ റാങ്ക് മെച്ചപ്പെടുത്താനാകും. മാത്രമല്ല, വരാനിരിക്കുന്ന ഏഷ്യൻ കപ്പിന് ആത്മവിശ്വാസം വർധിപ്പിക്കാനും ഈ കിരീടവിജയം സഹായിക്കും.
പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ ലബനനെ 4–2നു തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. കുവൈത്ത് എക്സ്ട്രാ ടൈം വരെ നീണ്ട സെമി മത്സരത്തിൽ ബംഗ്ലദേശിനെ 1–0ന് തോൽപിച്ചു. ടൂർണമെന്റിൽ ഇന്ത്യ രണ്ടാം തവണയാണ് കുവൈത്തിനെ നേരിടുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഗ്രൂപ്പ് മത്സരം 1–1 സമനിലയായിരുന്നു. ടൂർണമെന്റിൽ ഇരുടീമിനും വിജയിക്കാൻ കഴിയാതെ പോയ ഏക മത്സരവും ഇതായിരുന്നു