പേമാരിയിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ; ഉരുള്‍പൊട്ടലും മിന്നല്‍പ്രളയവും, കനത്ത നാശം
കനത്ത മഴയിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിരവധി പ്രദേശങ്ങളിൽ നാശംവിതച്ച് ദുരിതപ്പെയ്ത്ത് തുടരുകയാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ജനജീവിതം ദുസ്സഹമാക്കി. മഴക്കെടുതിയിൽ ഇതുവരെ 15ഓളം പേർ മരിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു
ഉത്തർപ്രദേശിലെ മെൻപുരി ജില്ലയില്‍ പാടത്തു പണിയെടുത്തുകൊണ്ടിരിക്കെ മിന്നലേറ്റ് ഒരു സ്ത്രീയടക്കം മൂന്നുപേർ ശനിയാഴ്ച മരിച്ചിരുന്നു. പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട വാഹനത്തിൽനിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. 11 പേരാണു വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കുകളോടെ രക്ഷപ്പെട്ട അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്. തെഹ്‍രി ജില്ലയിലെ ഗുലാർ ഏരിയയില്‍ ശനിയാഴ്ചയാണു സംഭവം.
ഹിമാചൽ പ്രദേശിൽ ഞായറാഴ്ച രാവിലെയുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഭാര്യയും ഭർത്താവും കുട്ടിയുമാണു മരിച്ചത്. ഹിമാചലിലെ കുളു, ചമ്പ ജില്ലകളിലും രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിൽ ദോഡ ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ട ബസിലെ രണ്ടുപേർ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയ രണ്ടു സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ശക്തമായ മഴ തുടരുന്ന ഹിമാചലിൽ വലിയ നാശനഷ്ടങ്ങളാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വലിയ 14 ഉരുൾപൊട്ടലുകളും 13 മിന്നൽ പ്രളയങ്ങളുമാണ് കഴിഞ്ഞ 36 മണിക്കൂറിനിടെ ഹിമാചലിൽ സംഭവിച്ചത്. 700 ഓളം റോഡുകൾ ഇവിടെ അടച്ചു. മിന്നൽ പ്രളയത്തിൽ വാഹനങ്ങൾ ഒഴുകിപ്പോയതായും കടകൾ ഒഴുകിപ്പോയതായും റിപ്പോർട്ടുണ്ട്. എല്ലാ പ്രധാന പുഴകളും നിറഞ്ഞുകവിഞ്ഞു. 10 ജില്ലകളിൽ കനത്ത മഴ പെയ്യുമെന്നാണു (204 മില്ലിമീറ്ററിനു മുകളിൽ) മുന്നറിയിപ്പ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഹിമാചലിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
ഡൽഹിയിൽ ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് രണ്ടു ദിവസമായി പെയ്യുന്നത്. 24 മണിക്കൂറിൽ നഗരത്തിൽ 153 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 1982ന് ശേഷം ജൂലൈയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴയാണിത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ഡൽഹിയിൽ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നു വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.