#Muthalapozhi | തന്നെയും മത്സ്യത്തൊഴിലാളികളെയും അധിക്ഷേപിച്ചു; മുതലപ്പൊഴിയിലെ അന്തരീക്ഷം വഷളാക്കിയത് മന്ത്രിമാരുടെ സംസാര രീതി; ഫാ.യൂജിൻ പെരേര
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അന്തരീക്ഷം വഷളാക്കിയത് മന്ത്രിമാർ ആണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര. മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കേണ്ടതിന് പകരം മന്ത്രിമാർ കയർക്കുകയാണ് ചെയ്തത്. തന്നോടും മന്ത്രിമാർ മോശമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിന് കേസ് എടുത്ത സംഭവത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുതലപ്പൊഴിയിലെ പ്രശ്‌നം ഇത്രയും രൂക്ഷമാക്കിയത് മന്ത്രിമാരുടെ സംസാര ശൈലി ആണ്. പ്രശ്‌നം അറിഞ്ഞ് സ്ഥലത്ത് എത്തിയ മന്ത്രിമാർ മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുത് എന്നാണ് പറഞ്ഞത്. ഇതാണ് മത്സ്യത്തൊഴിലാളികളെ ചൊടിപ്പിച്ചത്.
സംഘർഷാവസ്ഥയുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് പരിഹരിക്കുന്നതിനായാണ് താൻ മുതലപ്പൊഴിയിൽ എത്തിയത്. തന്നോടും ഷോ കാണിക്കരുതെന്ന് മന്ത്രിമാർ പറഞ്ഞു. താനൊന്നും അങ്ങോട്ട് പറയാതെ ആയിരുന്നു മന്ത്രിമാരുടെ പ്രതികരണം.
താൻ ഒരു നിയമവും ലംഘിച്ചിട്ടില്ല. കേസ് തനിക്കെതിരായ ആസൂത്രണത്തിന്റെ ഭാഗം. താൻ നിയമ ലംഘനം നടത്തിയിട്ടില്ല. മന്ത്രിമാർ അധിക്ഷേപിച്ചതായി ജനം പറഞ്ഞു. തൊഴിലാളികളെ ആശ്വസിപ്പിക്കാനും അവരുടെ വേദന കാണാനുമുള്ള ശ്രമം മന്ത്രിമാരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ആകെ പറഞ്ഞത് ഷോ കാണിക്കരുത് എന്ന്. ഇതാണ് അന്തരീക്ഷം വഷളാക്കിയതെന്നും യൂജിൻ പെരേര വ്യക്തമാക്കി.
ഇന്നലെ രാത്രിയായിരുന്നു യൂജിൻ പെരേരയ്‌ക്കെതിരെ പോലീസ് കേസ് എടുത്തത്. മന്ത്രിമാരെ തടഞ്ഞു, കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് യൂജിൻ പെരേരയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.