പണം കിട്ടാൻ ചികിത്സ വൈകിപ്പിക്കും; ഡോക്ടറുടേത് ഓപ്പറേഷൻ ‘കൈമടക്ക്’; പണം കൊടുക്കാൻ സമ്മതമറിയിച്ചാൽ ഏജന്റിനെ സമീപിക്കാൻ പറയും

THRISSUR NEWS : മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കു കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് പിടിയിലായ ഡോ. ഷെറി ഐസക് പണം കിട്ടാൻ വേണ്ടി കണ്ടെത്തിയ എളുപ്പവഴിയായിരുന്നു ചികിത്സ വൈകിപ്പിക്കൽ എന്ന് നേരത്തെ ചികിത്സ തേടിയവരുടെയും സാക്ഷ്യം. ഡോക്ടറുടെ സസ്പെൻഷനിലേക്ക് നയിച്ച സംഭവത്തിലെ രോഗിയായ യുവതിയെ ആവശ്യപ്പെട്ട പണം നൽകാത്തതിനാൽ മൂന്നു തവണയാണ് ഇയാൾ സർജറി നടത്താതെ മടക്കി അയച്ചത്.

#1 WEBSITE FOR LISTING LOCAL BUSINESS IN KOZHIKODE

കൈക്കൂലി നൽകാൻ രോഗിയെയും ബന്ധുക്കളെയും സമ്മർദത്തിലാക്കാനാണ് ഈ തന്ത്രം. ഇതിന്റെ ഭാഗമായി രോഗികൾ നേരിടേണ്ടി വന്നിരുന്നത് കൊടിയ മാനസികപീഡനവും. കൈക്കൂലി കൊടുക്കാൻ തയാറല്ലാത്തവർ ശസ്ത്രക്രിയയ്ക്കു വേണ്ടി ദിവസങ്ങൾ എണ്ണി ആശുപത്രി വാർഡിൽ വേദന സഹിച്ചു കഴിയേണ്ടി വരും. പണവുമായി എത്താത്ത രോഗിക്ക് സർജറി തീയതി നൽകിയിട്ടുണ്ടെങ്കിൽ അത് അന്ന് സർജറി ചെയ്യേണ്ട രോഗികളുടെ പട്ടികയിൽ അവസാനത്തെ പേരായിട്ടായിരിക്കും.

തുടർന്ന് രാവിലെ രോഗിയോട് മതിയായ തയാറെടുപ്പുകൾ നടത്തി തിയറ്ററിനകത്തേക്കുള്ള പ്രവേശനത്തിന് ഊഴം കാത്തിരിക്കാൻ നിർദേശിക്കും. ഈ കാത്തിരിപ്പ് വൈകിട്ട് വരെ തുടരണം. വൈകിട്ട് വരെ കൈമടക്ക് എത്തിയില്ലെങ്കിൽ, സമയം തീർന്നെന്ന കാരണം പറഞ്ഞ് അടുത്ത ദിവസം ശസ്ത്രക്രിയ ചെയ്യാം എന്ന ഉറപ്പിൽ രോഗിയെ വാർഡിലേക്ക് തന്നെ തിരിച്ചയച്ച് ഇദ്ദേഹം സ്ഥലം വിടും. ഇത്രയുമാകുന്നതോടെ രോഗി പണം നൽകാൻ പാകപ്പെട്ടിരിക്കും.

അടുത്ത സർജറി ദിവസം രാവിലെ വരെ രോഗിയെ ഡോക്ടറുടെ ഏജന്റുമാർ നിരീക്ഷിക്കും. പണമെത്തിക്കാൻ ഈ ഏജന്റുമാർ തന്നെ ഉപദേശിക്കുകയും ചെയ്യും. എന്നിട്ടും പണം നൽകാൻ തയാറായില്ലെങ്കിൽ അടുത്ത ദിവസവും നേരത്തെ നടന്നവ ആവർത്തിക്കും. ഇതിനിടെ രോഗിയുടെ വേദന കണ്ട് സഹിക്കാൻ കഴിയാതെ ആവശ്യപ്പെട്ട പണം ബന്ധുക്കൾ കടം വാങ്ങിയെങ്കിലും ഡോക്ടർക്ക് എത്തിച്ചുകൊടുക്കലാണ് നടന്നുവന്നിരുന്നത്. പണമെത്തിയാൽ ഡോക്ടർ അടുത്ത സർജറി ദിവസം രോഗിയെ കടാക്ഷിക്കും.

കൈക്കൂലി വാങ്ങുന്നതിനും ഡോക്ടർക്ക് ചില ചിട്ടവട്ടങ്ങളുണ്ട്. പണം കൊടുക്കാൻ സമ്മതമറിയിച്ചാൽ ഒരു ഏജന്റിനെ സമീപിക്കാൻ പറയും. ഫോൺ നമ്പർ നൽകും. പിന്നെ ഇടപാടുകൾ ഏജന്റ് വഴിയാണ്. രോഗിക്കു ലഭ്യമാകേണ്ട സേവനത്തിന്റെ വലുപ്പചെറുപ്പമനുസരിച്ച് ഏജന്റ് തുക നിശ്ചയിക്കും. ഡോക്ടറുടെ സമയവും ഇദ്ദേഹം ബുക്ക് ചെയ്തു തരും. നിശ്ചയിച്ച സമയത്ത് ഓട്ടുപാറയിലുള്ള സ്വകാര്യ ക്ലിനിക്കിൽ നേരിട്ടെത്തി പറഞ്ഞ തുക ഡോക്ടർക്ക് നേരിട്ട് കൈമാറണം.വിജിലൻസ് പിടിയിലായ ഓർത്തോ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. ഷെറി ഐസക്കിനെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തിട്ടുണ്ട്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story