പാക്ക് യുവതിയുടെ കൈവശം 6 പാസ്പോർട്ടും 4 ഫോണും; പബ്ജി പ്രണയം തന്നെയോ ? ചോദ്യം ചെയ്യൽ തുടരുന്നു

ന്യൂഡൽഹി ∙ കാമുകനൊപ്പം കഴിയാൻ നേപ്പാൾ വഴി ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ സ്വദേശി സീമ ഹൈദറിന്റെ ഉദ്ദേശ്യം ഉത്തർപ്രദേശ് പൊലീസ് അന്വേഷിക്കും. അവരെ തുടർച്ചയായി ചോദ്യം ചെയ്യുകയാണ്. ഇവരിൽ…

ന്യൂഡൽഹി ∙ കാമുകനൊപ്പം കഴിയാൻ നേപ്പാൾ വഴി ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ സ്വദേശി സീമ ഹൈദറിന്റെ ഉദ്ദേശ്യം ഉത്തർപ്രദേശ് പൊലീസ് അന്വേഷിക്കും. അവരെ തുടർച്ചയായി ചോദ്യം ചെയ്യുകയാണ്. ഇവരിൽ നിന്ന് 6 പാക്കിസ്ഥാൻ പാസ്‌പോർട്ടുകളും കണ്ടെടുത്തു. ഇതിൽ ഒരെണ്ണത്തിൽ പേരും വിലാസവും പൂർണമല്ല. ഇതാണു കൂടുതൽ സംശയത്തിനിടയാക്കുന്നതെന്നു പൊലീസ് പറയുന്നു. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പാസ്‌പോർട്ടുകൾക്കു പുറമേ 2 വിഡിയോ കസെറ്റുകളും 4 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

പാക്കിസ്ഥാൻ സ്വദേശിയായ സീമ ഗുലാം ഹൈദർ (30) ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട സച്ചിൻ മീണയെ (22) വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാനാണ് ഇന്ത്യയിലേക്കു കടന്നത്. അനധികൃതമായി ഇന്ത്യയിൽ കടന്നതിനു കഴിഞ്ഞ 4നു സീമയെയും ഒത്താശ ചെയ്തതിനും സച്ചിനെയും പിതാവിനെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് 7നു ജാമ്യം ലഭിച്ചു. തുടർന്നു സീമയും 4 മക്കളും സച്ചിനൊപ്പം രബുപുരയിലെ വാടക മുറിയിൽ താമസിച്ചു വരികയായിരുന്നു.

ഇന്ത്യയിലേക്കു കടക്കുന്നതിനു മുൻപു നേപ്പാളിൽ വച്ചു സച്ചിനും സീമയും കൂടിക്കണ്ടിരുന്നുവെന്നും ഒരുമിച്ചു താമസിച്ചിരുന്നുവെന്നും യുപി പൊലീസ് പറഞ്ഞു. നേപ്പാളിൽ ഇവർ മുറിയെടുത്തു താമസിച്ചിരുന്ന ന്യൂ വിനായക് ഹോട്ടലിലെ ജീവനക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു. സച്ചിൻ ആദ്യം ചെന്നു മുറിയെടുത്ത ശേഷം ഭാര്യ അടുത്ത ദിവസം എത്തുമെന്നാണ് പറഞ്ഞിരുന്നത്. പിറ്റേന്നു സീമ എത്തി. പക്ഷേ, മക്കൾ ഇവർക്കൊപ്പം ഇല്ലായിരുന്നെന്നു ഹോട്ടൽ ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ മാർച്ച് 10നു നേപ്പാളിലെത്തിയ സീമ 17നു തിരിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങി. 15 ദിവസത്തെ ടൂറിസ്റ്റ് വീസയിലാണ് ഷാർജ വഴി ഇവർ കഠ്മണ്ഡുവിൽ എത്തിയത്. മാർച്ച് 18നു കറാച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയെന്നും യുപി പൊലീസ് പറഞ്ഞു.

മേയ് 15നു 4 മക്കളുമായി ടൂറിസ്റ്റ് വീസയിൽ സീമ വീണ്ടും ദുബായ് വഴി കഠ്മണ്ഡുവിലെത്തി. അവിടെ നിന്നു ബസിൽ പോഖ്രയിലെത്തി ഹോട്ടലിൽ മുറിയെടുത്തു താമസിച്ചു. തുടർന്ന് ബസിലാണു ഗൗതംബുദ്ധ നഗറിലെ രുബുപുരയിലെത്തിയത്.

സീമയുടെ ഭർത്താവ് ഗുലാം സൗദി അറേബ്യയിൽ ജോലി ചെയ്യുകയായിരുന്നു. വീട്ടു ചെലവുകൾക്കായി പ്രതിമാസം ഇവർക്ക് 80,000 രൂപ വരെ ഗുലാം അയച്ചു കൊടുത്തിരുന്നു. ഇതിൽനിന്നു മിച്ചം പിടിച്ച പണം കൊണ്ടു സീമ 2022 ൽ 12 ലക്ഷം രൂപ മുടക്കി വീടു വച്ചു. ഈ വീടു വിറ്റു കിട്ടിയ പണവുമായാണ് സച്ചിനെ കാണാൻ മക്കളെയും കൂട്ടി ഇന്ത്യയിലേക്കു തിരിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story