മുട്ടിൽ മരംമുറി കേസ്: റിപ്പോർട്ടർ ചാനലിനെതിരെ ഇഡി അന്വേഷണം തുടങ്ങി

മുട്ടിൽ മരംമുറി കേസ്: റിപ്പോർട്ടർ ചാനലിനെതിരെ ഇഡി അന്വേഷണം തുടങ്ങി

July 28, 2023 0 By Editor

റിപ്പോർട്ടർ ചാനലിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്ന് കേന്ദ്ര സർക്കാർ. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. എട്ടുകോടി രൂപയുടെ ഈട്ടി അനധികൃതമായി വെട്ടിവിറ്റ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് റിപ്പോർട്ടർ ചാനൽ മേധവികൾക്കെതിരെ ഇഡി അന്വേഷണം നടന്നുവരുന്നതെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിംഗ് അറിയിച്ചു.

റിപ്പോർട്ടർ ചാനലിന്റെ ഓണർഷിപ്പ് ട്രാൻസ്ഫർ സംബന്ധിച്ച ആക്ഷേപങ്ങൾക്ക് കമ്പനി അധികൃതരിൽ നിന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. പഴയ റിപ്പോർട്ടർ ചാനലിന്റെ ടെലികാസ്റ്റിംഗ് ലൈസൻസ് ഇന്തോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ്. എന്നാൽ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ട ശേഷം റിപ്പോർട്ടർ എന്ന പേരിൽ പുനഃസംപ്രേക്ഷണം ആരംഭിച്ച ഈ കമ്പനിക്ക് ഇന്തോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് ടെലികാസ്റ്റിംഗ് ലൈസൻസ് കൈമാറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അവ്യക്തയുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ പുതിയ ഉടമസ്ഥരോട് കോർപറേറ്റ് മന്ത്രാലായം ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ശമ്പളം, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾ സംബന്ധിച്ച പരാതിയിൽ 137.50 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായി കേന്ദ്ര തൊഴിൽ മന്ത്രാലയവും കണ്ടെത്തിയിട്ടുണ്ട്. ടെലികാസ്റ്റിംഗ് ലൈസൻസ് ട്രാൻസ്ഫർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും നിലവിലെ റിപ്പോർട്ട് ചാനൽ കമ്പനിയുടെ അധികൃതർ തന്നിട്ടില്ലെന്നാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അറിയിക്കുന്നത്. ലോക്‌സഭയിൽ കെ. സുധാകരൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര കോർപ്പറേറ്റ് കാര്യസഹമന്ത്രിയാണ് മറുപടി നൽകിയത്.