‘അനുഷയുടെയും അരുണിന്റെയും വാട്സാപ് ചാറ്റുകൾ പരിശോധിക്കും; ഫോൺ കസ്റ്റഡിയിലെടുക്കും’

തിരുവല്ല (പത്തനംതിട്ട): പ്രസവിച്ചുകിടന്ന യുവതിയെ, നഴ്സിന്റെ വേഷത്തിലെത്തി കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്. പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ (25) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കായംകുളം കണ്ടല്ലൂർ വെട്ടത്തിൽ കിഴക്കേതിൽ അനുഷയുമായി (30) പൊലീസ് തെളിവെടുപ്പ് നടത്തി.

നഴ്സിങ് ഓവർക്കോട്ടു വാങ്ങിയ കായംകുളത്തെ കടയിൽ കൊണ്ടുപോയാണ് തെളിവെടുപ്പു നടത്തിയത്. ഇതിനുശേഷം പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിച്ച അനുഷയെ, ഡിവൈഎസ്പി ഓഫിസിലെത്തിച്ച് വിരലടയാളം ഉൾപ്പെടെ ശേഖരിക്കും. വൈകിട്ട് കോടതിയിൽ ഹാജരാക്കും. ‘‘എത്ര സമയം എടുത്തിട്ടുണ്ടെന്ന് അറിയില്ലെങ്കിലും ആസൂത്രണം നടന്നിട്ടുണ്ട്. കായംകുളത്തെ കടയിൽനിന്നു നഴ്സിങ് ഓവർകോട്ടും പുല്ലുകുളങ്ങരയിലെ കടയിൽനിന്നു സിറിഞ്ചും വാങ്ങിച്ചിട്ടുണ്ട്. ഫാർമസി പഠനം പൂർത്തിയാക്കിയ അനുഷയ്ക്ക് ആശുപത്രി കാര്യങ്ങൾ സംബന്ധിച്ച് ബോധ്യമുള്ളയാളാണ്’’– തിരുവല്ല ഡിവൈഎസ്പി ആർ.അർഷാദ് പറഞ്ഞു. നിലവിൽ അനുഷ മാത്രമാണ് കേസിലെ പ്രതിയെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി.

‘‘സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. അനുഷയും സ്നേഹയുടെ ഭർത്താവ് അരുണും തമ്മിൽ സ്നേഹബന്ധമുണ്ടായിരുന്നു. മറ്റു തരത്തിലുള്ള സൗഹൃദമുണ്ടായിരുന്നോയെന്ന് അന്വേഷിച്ചു വരുകയാണ്. ഇരുവരുടെയും വാട്സാപ് ചാറ്റുകൾ അടക്കം പരിശോധിക്കുന്നുണ്ട്. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കും. നിലവിൽ അരുണിനെ കേസുമായി ബന്ധപ്പെടുത്തുന്ന സൂചനകൾ ലഭിച്ചിട്ടില്ല.’’– ഡിവൈഎസ്പി പറഞ്ഞു.

പരുമലയിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം നടന്നത്. ഒരാഴ്ച മുൻപാണ് സ്നേഹയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഡിസ്ചാർജ് ചെയ്തു. നിറംമാറ്റം ഉള്ളതിനാൽ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തില്ല. ഇതോടെ സ്നേഹയും മാതാവും മുറിയിൽ കാത്തിരിക്കുകയായിരുന്നു. വൈകിട്ട് മൂന്നുമണിയോടെ നഴ്സിന്റെ ഓവർകോട്ട് ധരിച്ച യുവതി മുറിയിലെത്തി കുത്തിവയ്പ്പെടുക്കാൻ നിർബന്ധിച്ചു. ഡിസ്ചാർജ് ചെയ്തതിനാൽ ഇനി എന്തിനാണ് കുത്തിവയ്പ്പെന്ന് മാതാവ് ചോദിച്ചു. ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്നേഹയുടെ കയ്യിൽ ബലമായി പിടിച്ച് സിറിഞ്ച് കുത്താൻ ശ്രമിച്ചു. സിറിഞ്ചിൽ മരുന്ന് ഉണ്ടായിരുന്നില്ല. മാതാവ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവച്ചു. പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story