അനുഷയുടെ ആദ്യവിവാഹം ട്രാൻസ്ജെൻഡറുമായി; അരുണും അനുഷയും വേറെ വിവാഹം കഴിച്ചത് വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന്; ബന്ധം തുടർന്നു

പരുമല(പത്തനംതിട്ട): ‘സ്‌നേഹയെ ഇല്ലാതാക്കിയാൽ അരുണിനൊപ്പം കഴിയാമെന്ന് കരുതി.’ ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ വായു കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചതിന് പിടിയിലായ കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂർ വെട്ടത്തേരിൽ കിഴക്കേതിൽ അനുഷ പോലീസിനോട് പറഞ്ഞതാണിത്.

കാമുകൻ അരുണിന്റെ ഭാര്യയായ സ്നേഹയെ കൊല്ലാൻ ഉറപ്പിച്ചാണു കാർത്തികപ്പള്ളി കണ്ടല്ലൂർ വെട്ടത്തേരിൽ എസ്.അനുഷ (30) ആശുപത്രിയിലെത്തിയതെന്നു പൊലീസ് പറഞ്ഞു. അരുൺ തന്നിൽ നിന്ന് അകലുന്നുവെന്ന തോന്നലാണു അനുഷയെ ഇതിലേക്കു നയിച്ചത്. സംഭവത്തിൽ അരുണിനു നേരിട്ടു പങ്കില്ലെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും അനുഷയും അരുണും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്. അരുണിനും അനുഷയ്ക്കും വിവാഹം കഴിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്നു നടന്നില്ല. പിന്നീട് ഇരുവരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു. ഇവർ തമ്മിൽ സ്ഥിരമായി വാട്സാപ്പിൽ ചാറ്റ് ചെയ്യാറുണ്ട്. സംഭവ ശേഷം 2 പേരുടെയും ഫോണിൽ നിന്നു ചാറ്റുകളെല്ലാം നീക്കിയ നിലയിലാണ്. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണു പൊലീസ്. അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതിൽ വ്യക്തതവരുത്താൻ പുളിക്കീഴ് പോലീസ് കൂടുതൽ അന്വേഷണം നടത്തും.

അനുഷയുടെ ആദ്യ വിവാഹം കൊല്ലം നീണ്ടകര സ്വദേശിയായ ട്രാൻസ്‌ജെൻഡറുമാട്ടായിരുന്നു 7 മാസം മാത്രമാണ് ഈ ബന്ധം നീണ്ടത്. അനുഷയുടെ പെരുമാറ്റം പ്രശ്നങ്ങൾ സൃഷ്ടിച്ചു. അരുണുമായി ബന്ധം തുടർന്നതും വിവാഹം വേർപിരിയാൻ കാരണമായി. അനുഷയുടെ രണ്ടാം വിവാഹം 7 മാസം മുൻപായിരുന്നു. ഗൾഫിൽ ജോലിയുള്ളയാളാണ് ഭർത്താവ്. ഈ വിവാഹത്തിൽ അരുണും സ്നേഹയും പങ്കെടുത്തിരുന്നു. ആദ്യ വിവാഹം വേർപ്പെടുത്തിയപ്പോൾ തന്നെ അരുണിനൊപ്പം ജീവിക്കാൻ അനുഷ ആഗ്രഹിച്ചിരുന്നു. തന്റെ സ്നേഹം അറിയിക്കാനുള്ള മാർഗമായാണു അരുണിന്റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. റിമാൻഡിലുള്ള അനുഷയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നു പൊലീസ് ഇൻസ്പെക്ടർ ഇ.അജീബ് പറഞ്ഞു.

വൈദ്യശാസ്ത്രത്തിൽ അറിവുള്ള അനുഷ പൂർണ ബോധ്യത്തോടെയാണ് സ്നേഹയെ കൊല്ലാൻ എയർ എംബോളിസം എന്ന രീതി അവംലബിച്ചതെന്നു പൊലീസ് പറഞ്ഞു. മൂന്നുതവണയാണ് സ്‌നേഹയുടെ വലതുകൈപ്പത്തിയിൽ ഇവർ കുത്തിവെച്ചത്. തുടർന്ന് ആശുപത്രി ജീവനക്കാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. അരുണിൽനിന്നാണ് ഭാര്യ കിടക്കുന്ന മുറിയുടെ നമ്പരും മറ്റും വെള്ളിയാഴ്ച രാവിലെ അനുഷ ചോദിച്ച്‌ മനസ്സിലാക്കുന്നത്. കൊലപാതകത്തിനോ, കൊലപാതകശ്രമങ്ങൾക്കോ മുമ്പ് അവലംബിച്ചിട്ടില്ലാത്ത രീതിയാണ് അനുഷ തിരഞ്ഞെടുത്തത്. ആശുപത്രിയിൽ എയർ എമ്പോളിസത്തിലൂടെ കൊലപ്പെടുത്തിയാൽ സംശയത്തിനുപോലും ഇടവരില്ലെന്ന് അനുഷ മനസ്സിലാക്കിയിരുന്നെന്ന് ചോദ്യംചെയ്യലിൽനിന്ന് വ്യക്തമായി. ഇങ്ങനെ ചെയ്താൽ ആളെ കൊല്ലാൻ കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും സമ്മതിച്ചിട്ടുണ്ട്.

പക്ഷേ, ഇതെല്ലാം പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ഫാർമസിസ്റ്റായ അനുഷയ്ക്ക് ഇഞ്ചക്ഷൻ എടുക്കുന്നതിന് പരിശീലനം കിട്ടിയിട്ടില്ല. രക്തം എടുക്കാൻ അറിയാവുന്നവർക്കുമാത്രമേ ഇത്തരമൊരു പ്രവൃത്തിചെയ്യാൻ സാധിക്കൂ. കുത്തിവെപ്പ്‌ എടുക്കാനും സൂചി ഉപയോഗിക്കാനുമൊക്കെ അനുഷയ്ക്ക് ആരെങ്കിലും പറഞ്ഞു കൊടുത്തതാകുമോയെന്നും സംശയിക്കുന്നുണ്ട്. യുവതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പോലീസ് പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story