ഹിമാചലില്‍ വീണ്ടും പേമാരി; ക്ഷേത്രം തകര്‍ന്ന് 9 മരണം; മേഘവിസ്‌ഫോടനത്തില്‍ 7 പേര്‍ മരിച്ചു; ദേശീയപാത അടച്ചു

സിംല:  ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും പതിനാറ് പേര്‍ മരിച്ചു. നിര്‍ത്താതെ പെയ്ത മഴയില്‍ സിംല നഗരത്തിലെ സമ്മര്‍ഹില്‍ ക്ഷേത്രം തകര്‍ന്ന് 9 പേരും സോളന്‍…

സിംല: ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും പതിനാറ് പേര്‍ മരിച്ചു. നിര്‍ത്താതെ പെയ്ത മഴയില്‍ സിംല നഗരത്തിലെ സമ്മര്‍ഹില്‍ ക്ഷേത്രം തകര്‍ന്ന് 9 പേരും സോളന്‍ ജില്ലയിലെ മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് 7 പേരുമാണ് മരിച്ചത്. മറ്റ് പലയിടത്തും മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായി ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് ചണ്ഡിഗഡ്- സിംല ദേശീയപാത അടച്ചു.

സമ്മര്‍ഹില്ലിലെ ക്ഷേത്രത്തിനുള്ളില്‍ 30 പേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ മാസപൂജയ്ക്കായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, സോളനിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട ആറുപേരെയും രക്ഷപ്പെടുത്തിയതായി ജില്ലാഭരണകൂടം അറിയിച്ചു.

സോളനില്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകിപ്പോയി. ഏഴ് പേരുടെ മരണത്തില്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു അനുശോചനം അറിയിച്ചു. ദുരിതബാധിതരായ കുടുംബങ്ങള്‍ക്കു ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

മേഘവിസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ ജില്ലാ കലക്ടര്‍മാരില്‍ നിന്നും മുഖ്യമന്ത്രി വിവരം തേടി. മഴകനക്കുന്ന പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലും കനത്ത മഴയാണ് തുടരുന്നത്. കനത്ത മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story