വനിത ടി20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യത; കുവൈത്തിന് വിജയ തുടക്കം
കുവൈത്ത് സിറ്റി: വനിത ടി20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യത മത്സരത്തിൽ കുവൈത്തിൽ കുവൈത്തിന് വിജയ തുടക്കം. ആദ്യ മത്സരത്തിൽ ചൈനയെ 30 റൺസിന് തോൽപിച്ച് കുവൈത്ത് വനിതകൾ പ്രതീക്ഷ നിലനിർത്തി. ചെറിയ സ്കോറിന് പുറത്തായെങ്കിലും ചൈനയെ അതിലും കുറഞ്ഞ സ്കോറിൽ ഒതുക്കി കുവൈത്ത് വിജയം നേടി. ആദ്യം ബാറ്റുചെയ്ത കുവൈത്ത് 20 ഓവറിൽ 83 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചൈനയെ 16 ഓവറിൽ 53 റൺസിൽ ചുരുട്ടിക്കെട്ടിയാണ് കുവൈത്ത് വിജയം പിടിച്ചുവാങ്ങിയത്.
വൻ സ്കോർ ലക്ഷ്യം വെച്ച് ഇറങ്ങിയ കുവൈത്ത് വനിതകൾക്ക് തുടക്കം പിഴവോടെയായിരുന്നു. ഓപൺ ചെയ്ത ക്യാപ്റ്റൻ അംനതാരീഖും മലയാളി താരം പ്രിയദ മുരളിയും രണ്ടു റൺസുവീതം എടുത്തുമടങ്ങി. തുടർന്ന് രണ്ടു പേരും പെട്ടെന്നുമടങ്ങി. രണ്ടക്കം കണ്ട മറിയം ഉമർ (16), സിയോബാൻ ഗോമസ് (25) എന്നിവരുടെ ചെറുത്തു നിൽപാണ് കുവൈത്തിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചൈനക്ക് കുവൈത്ത് ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.16 ഓവറിൽ 53 റൺസിന് ചൈനീസ് താരങ്ങൾ കൂടാരം കയറി. കുവൈത്തിനായി മലയാളി താരം പ്രിയദ മുരളി മൂന്നു ഓവറിൽ എട്ടു റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച ഹോങ്കോങ്ങുമായും തിങ്കളാഴ്ച തായ്ലൻഡുമായും ബുധനാഴ്ച മ്യാന്മറുമായുമാണ് കുവൈത്തിന്റെ അടുത്ത മത്സരങ്ങൾ.