പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം അവസാനിച്ചു: 48 മണിക്കൂര്‍ നിരോധനാജ്ഞ

കോട്ടയം: ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണം അവസാനിച്ചു, പുതുപ്പള്ളി ഇനി പോളിംഗ് ബൂത്തിലേക്ക്. സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രവര്‍ത്തകരും വലിയ ആവേശപൂര്‍വ്വം ഏറ്റെടുത്ത പ്രചാരണം വൈകിട്ട് ആറ് മണിക്ക്…

കോട്ടയം: ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണം അവസാനിച്ചു, പുതുപ്പള്ളി ഇനി പോളിംഗ് ബൂത്തിലേക്ക്. സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രവര്‍ത്തകരും വലിയ ആവേശപൂര്‍വ്വം ഏറ്റെടുത്ത പ്രചാരണം വൈകിട്ട് ആറ് മണിക്ക് പാമ്പാടിയില്‍ വെടിക്കെട്ടോടുകൂടിയാണ് കൊട്ടികലാശിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പാമ്പാടിയില്‍ റോഡ് ഷോ നടത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് കൊട്ടിക്കലാശത്തില്‍ പങ്കുചേര്‍ന്നത്. യുഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാകട്ടെ ആഘോഷം ഒഴിവാക്കി പദയാത്ര നടത്തിയാണ് കൊട്ടിക്കലാശത്തിനൊപ്പം ചേര്‍ന്നത്. സഹോദരി അച്ചു ഉമ്മനും തൃക്കാക്കര എംഎല്‍എ ഉമാ തോമസും ചാണ്ടി ഉമ്മന് വേണ്ടി റോഡ് ഷോ നടത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ബിജെപി പ്രവര്‍ത്തകരും കൊട്ടിക്കലാശത്തിന്റെ ആവേശത്തിനൊപ്പം ചേര്‍ന്നു.

പ്രധാന പാര്‍ട്ടികളുടെയെല്ലാം നേതാക്കന്മാരും ഇന്ന് പുതുപ്പള്ളിയിലെത്തിയിരുന്നു.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നും അവസാനവോട്ടും തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍.

പുതുപ്പള്ളി മണ്ഡലത്തില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറ് മുതല്‍ സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ. ആളുകള്‍ ഒത്തുകൂടുന്നതും റാലികളും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നതിനും വിലക്കുണ്ട്.

വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകിട്ട് ആറിന് ശേഷം പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയില്‍ നിന്ന് വിട്ടുപോകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശമുണ്ട്. ഇതുറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കി. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന്, നാല്, അഞ്ച്, എട്ട് തീയതികളില്‍ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയില്‍ മദ്യനിരോധനം(ഡ്രൈ ഡേ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ ചൊവ്വാഴ്ച വൈകിട്ട് ആറ് വരെയും വോട്ടെണ്ണല്‍ ദിനമായ എട്ടാം തീയതി പുലര്‍ച്ചെ 12 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്.

പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാലിനും അഞ്ചിനും അവധി നല്‍കിയിട്ടുണ്ട്. വിതരണ/സ്വീകരണ/വോട്ടെണ്ണല്‍ കേന്ദ്രമായ കോട്ടയം ബസേലിയോസ് കോളേജിന് നാല് മുതല്‍ എട്ട് വരെ അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story